കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറ് ആസൂത്രിതമാണെന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജില്ലയില്‍ സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് ജയരാജന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് തലശ്ശേരി നങ്ങാറത്ത് പീടികയില്‍ കെ.പി ജിജേഷ് അനുസ്മരണ പരിപാടിയില്‍ കോടിയേരി പ്രസംഗിക്കുന്നിതിനിടെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. അതേസയമം ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന ആരോപണവുമായി ബിജെപിയും രംഗത്തുവന്നിട്ടുണ്ട്.