തഞ്ചാവൂര്‍: അടിച്ചു ഫിറ്റായി തേങ്ങയിടാന്‍ കയറിയ തെങ്ങുകയറ്റക്കാരന്‍ തെങ്ങിനു മുകളിലിരുന്ന് ‘ഉറങ്ങിപ്പോയി’. തെങ്ങിന്‍ തോപ്പിന്റെ ഉടമയും അയല്‍ക്കാരും പഠിച്ച പണിയെല്ലാം പറ്റിയിട്ടും ഉണര്‍ത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി ആളെ താഴെയിറക്കി.

തഞ്ചാവൂര്‍ കാരന്തൈയിലാണ് സംഭവം. എം ലോകനാഥന്‍ എന്ന നാല്‍പ്പതുകാരന്‍ തമിഴരശന്‍ എന്നയാളുടെ തോപ്പിലാണ് തെങ്ങുകയറാന്‍ എത്തിയത്. ജൈനമൂപ്പ സ്ട്രീറ്റില്‍നിന്ന് വിളിച്ചുകൊണ്ടുവന്നതാണ് ലോകനാഥനെ എന്നാണ് തമിഴരശന്‍ പറയുന്നത്. വന്നപ്പോള്‍ ആള് ഫിറ്റാണോ എന്നൊന്നും തമിഴരശന്‍ നോക്കിയില്ല.

തെങ്ങില്‍ കയറി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആളു താഴെയിറങ്ങിയിട്ടില്ലെന്നു കണ്ടപ്പോഴാണ് തമിഴരശന്‍ ശ്രദ്ധിക്കുന്നത്. മൂന്നര മണിക്കൂര്‍ നേരത്തിനു ശേഷമാണ് ഇതെന്ന് തമിഴരശന്‍ പറഞ്ഞു. അയല്‍ക്കാരെ വിളിച്ചുകൂട്ടി കാര്യം പറഞ്ഞു.

അയല്‍ക്കാര്‍ വന്നു നോക്കിയപ്പോള്‍ ലോകനാഥന്‍ തെങ്ങിന്റെ മുകളിലിരുന്ന് നല്ല ഉറക്കം. ശബ്ദം കൂട്ടിയും മറ്റു മാര്‍ഗങ്ങളിലുമെല്ലാം ഉണര്‍ത്താന്‍ ശ്രമിച്ചു. ഫലം കാണാതായപ്പോള്‍ ഫയര്‍ ഫോഴ്‌സിനെയും തഞ്ചാവൂര്‍ വെസ്റ്റ് പൊലീസിനെയും വിവരം അറിയിച്ചു.

ഫയര്‍ ഫോഴ്‌സ് എത്തി ലോകനാഥനെ വിളിച്ചുണര്‍ത്തി മുകളിലേക്ക് ഏണി എത്തിച്ചുകൊടുത്തു. എന്നാല്‍ ഏണി വഴിയല്ല, കയറിപ്പോയതുപോലെ തന്നെ ലോകനാഥന്‍ ഇറങ്ങിവന്നു. പൊലീസ് ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി താക്കീത് നല്‍കി വിട്ടയച്ചു.