Connect with us

kerala

ഇനിയും കൊലക്കത്തി താഴെവെക്കില്ലെന്നോ

സി.ബി.ഐ പ്രതിചേര്‍ത്ത പത്തില്‍ നാലു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയപ്പോള്‍ വെറുതെവിട്ട ആറുപേരെക്കുറിച്ചായിരുന്നു പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത.

Published

on

കേരള മനസാക്ഷിയെ നടുക്കിക്കളഞ്ഞ പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധി ആശ്വാസം പകരുന്നതാണെങ്കിലും അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ തയാറല്ലെന്ന സി.പി.എമ്മിന്റെ പ്രഖ്യാപനം ആശങ്കാജനകവും ജനാധിപത്യകേരളത്തിന്റെ ഉറക്കം കെടുത്തുന്നതുമാണ്. രണ്ടുചെറുപ്പക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ നടുറോഡില്‍ കു ത്തിമലര്‍ത്തിയ, ഇരുകുടംബങ്ങളെ തോരാ കണ്ണീരിന്റെയും തീരാദുരിതത്തിന്റെയും അറ്റമില്ലാത്ത ആഴങ്ങളിലേക്ക് തള്ളിവിട്ട പാര്‍ട്ടി, കോടതി കുറ്റക്കാരണെന്ന് കണ്ടത്തിയിട്ടും പ്രതികളെ ഒരുമനസാക്ഷിക്കുത്തുമില്ലാതെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എം പ്രവര്‍ത്തകരുടെ നിരപരാധിത്തം തെളിയിക്കാന്‍ പാര്‍ട്ടിമേല്‍ ക്കോടതികളെ സമീപിക്കുമെന്നും നിയമ നടപടികിളുമാ യി മുന്നോട്ടുപോകുമെന്നാണ് കോടതിവിധി വന്നയുടനെ പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന്‍ പ്രസ്താവിച്ചിരിക്കുന്നത്. സി.ബി.ഐ പ്രതിചേര്‍ത്ത പത്തില്‍ നാലു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയപ്പോള്‍ വെറുതെവിട്ട ആറുപേരെക്കുറിച്ചായിരുന്നു പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത.

പെരിയ കേസ് സി.പി.എമ്മിന് നിയമപരമായും രാഷ്ട്രീയപരമായും സമ്മാനിച്ചിട്ടുള്ള തിരിച്ചടി ചരിത്രത്തില്‍ തുല്യതയില്ലാത്തത്രയും വ്യാപ്തിയുള്ളതാണ്. ഭരണത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് അന്വേഷണത്തെ നിര്‍ലജ്ജം അട്ടിമറിച്ച് കേസ് തേച്ചുമാച്ചുകളയാന്‍ പാര്‍ട്ടി കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതുവഴി അവര്‍ക്കിടയില്‍ സ്വാധീനം നേടുകയും ചെയ്ത കോണ്‍ഗ്രസുകാരായ രണ്ടു ചെറുപ്പക്കാര്‍ പാര്‍ട്ടി ഗ്രാമത്തില്‍ വളര്‍ന്നുവരുന്നു എന്ന ഒരേയൊരു കാരണമാണ് കൃപേഷിനെയും ശരത്‌ലാലിനെയും ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിട്ടുള്ള ഘടകം. ഉന്നത നേതൃത്തിന്റെ അറിവോടെയും പിന്തുണയോടെയും ആസൂത്രണം ചെയ്ത പദ്ധതി താഴെതട്ടിലുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടപ്പില്‍ വരുത്തിയപ്പോള്‍ അന്വേഷണം അവിടെ തന്നെ നില്‍ക്കണമെന്നത് അവരുടെ ആവശ്യമായിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പാര്‍ട്ടി നേതൃത്വത്തിന്റെ താളത്തിനുതുള്ളിയപ്പോള്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന കുടുംബത്തിന്റെ ഏ റ്റവും ന്യായമായ ആവശ്യത്തിന് തടയിടാന്‍ പിണറായി സര്‍ക്കാര്‍ ഇന്നാട്ടിലെ പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്ന് ചിലവിട്ടത് ഒരുകോടിയിലധികം രൂപയാണ്. ഹൈക്കോടതിയില്‍ നിന്ന് കുടുംബം അനുകൂല വിധി സമ്പാദിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആദ്യം ഡിവിഷന്‍ ബെഞ്ചിലും പിന്നീട് സുപ്രീംകോടതിയിലും വരെ സര്‍ക്കാര്‍ പോയി നോക്കുകയുണ്ടായി. കുഞ്ചന്‍ നമ്പ്യാരുടെ വാക്കുകള്‍ കടമെടുത്താല്‍ എന്നിട്ടരിശം തീരാഞ്ഞിട്ടവന്‍ കേസ് ഫയലുകള്‍ സി.ബി.ഐക്കു കൈമാറാതെ സെക്രട്ടറിയേറ്റിനുചുറ്റും ഓടി നടക്കുകയായിരുന്നു. കോടതിയുടെ ഇടപെടലിനൊടുവിലാണ് ഫയലുകള്‍ നല്‍കാന്‍ തയാറായത്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ നാലുപേര്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളാണ്. ഇതില്‍ കെ.വി. കുഞ്ഞിരാമന്‍ അടുത്ത സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി പരിഗണനയിലുള്ളയാളാണ്. കെ. മണികണ്ഠന്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിലുമുണ്ട്. വെറുതേവിട്ട വരും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകാരാണ്.

2019 ലോകസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടന്നസംഭവത്തില്‍ രാഷ്ട്രീയമായി സി.പി.എമ്മിനുണ്ടായ തിരച്ചടിയുടെ തെളിവാണ് കാസര്‍കോട് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ വിജയം. 2024 ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരുലക്ഷം കവിഞ്ഞത് പെരിയകൊലപാതകം മറക്കാനും പൊറുക്കാനും തങ്ങള്‍ തയാറല്ലെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട പെരിയ പഞ്ചായത്തിന്റെ ഭരണം നിലവില്‍ യു.ഡി.എഫിന്റെ കൈയ്യിലാണന്നതും ഈ ദാരുണ സംഭവം സി.പി.എ മ്മിന്റെ അടിവേരിളക്കിയതിന്റെ നിദര്‍ശനമാണ്. വിയോജിക്കുന്നവര്‍ക്ക് അരുംകൊലവിധിക്കുന്ന പ്രാകൃത രാഷ്ട്രീയത്തില്‍നിന്നും പിന്മാറാനും ജനാധിപത്യത്തിന്റെ യു ഗത്തിലേക്ക് തിരിച്ചുവരാനുമുള്ള ഈ മുന്നറിയിപ്പുകളെ ഉള്‍ക്കൊണ്ട് ഇനിയെങ്കിലും കൊലക്കത്തി താഴെവെക്കാന്‍ തയാറാവണമെന്നാണ് നീതിന്യായ കോടതിയും ജനങ്ങളുടെ കോടതിയും അവരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണോ അതോ ഇന്ത്യയിലെ മറ്റിടങ്ങളിലെപോലെ ചരിത്രത്തിന്റെ പുറമ്പോക്കില്‍ അഭയം തേടണോ എന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മാണ്.

kerala

ബൈക്ക് ടോറസ് ലോറിയിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം

Published

on

മലപ്പുറത്ത് മിനിഊട്ടിയിലേക്ക് പോകുന്നതിനിടെ ബൈക്ക് ടോറസ് ലോറിയിലിടിച്ച് വിനോദത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. വേങ്ങരക്ക് സമീപം മിനിഊട്ടി – നെടിയിരുപ്പ് റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവര്‍ മരിച്ചു.

കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ടോറസ് ലോറിയുടെ അടിയിലകപ്പെട്ട വിദ്യാര്‍ത്ഥി സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്കള്ള വഴിമധ്യേയുമാണ് മരിച്ചത്.

മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Continue Reading

kerala

വെള്ളറട കൊലപാതകം; മകന്‍ അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേര്‍ത്ത് നിര്‍ത്തുമായിരുന്നെന്ന് അമ്മ

കോവിഡിനെ തുടര്‍ന്ന് പ്രജിന്‍ ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലെത്തിയെന്നും പിന്നീട് കൊച്ചിയിലേക്ക് സിനിമ പഠിക്കാന്‍ പോയെന്നും അമ്മ പറഞ്ഞു.

Published

on

വെള്ളറട കിളിയൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോവിഡിനെ തുടര്‍ന്ന് പ്രജിന്‍ ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലെത്തിയെന്നും പിന്നീട് കൊച്ചിയിലേക്ക് സിനിമ പഠിക്കാന്‍ പോയെന്നും അമ്മ പറഞ്ഞു. എന്നാല്‍ തിരിച്ചു വന്നപ്പോള്‍ മകനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നും അമ്മ പറഞ്ഞു.

2014-ലാണ് പ്രജിന്‍ ചൈനയിലേക്ക് മെഡിക്കല്‍ പഠനത്തിനായി പോകുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രജിന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അവസാന വര്‍ഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജന്‍സി വഴി അടച്ചെങ്കിലും കോളേജിന് ലഭിച്ചില്ലെന്നതിനാല്‍ പ്രജിന് പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഏജന്‍സിക്കെതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രജിന്‍ പരാതിയും നല്‍കിയിരുന്നു.

അതേസമയം തങ്ങള്‍ മകനെ ഭയന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജീവിച്ചതെന്ന് അമ്മ സുഷമ പറയുന്നു. മുറിയില്‍ നിന്നും ഓം പോലെയുള്ള ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെ കാര്യം അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

രാത്രികാലങ്ങളില്‍ മാതാപിതാക്കളെ വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മര്‍ദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേര്‍ത്ത് ഉയര്‍ത്തി നിര്‍ത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിന്‍ നിരന്തരം ഉപദ്രവിച്ചുവെന്നും അമ്മ പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് രാത്രി 9.45-ന് ഉറങ്ങിക്കിടന്ന അച്ഛന്റെ കഴുത്തില്‍ മകന്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പ്രജിന്‍ വെള്ളറട പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി.

 

Continue Reading

kerala

കേരളം ചുട്ടുപ്പൊള്ളുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Published

on

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

 

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

Continue Reading

Trending