india

പ്രാവിനെ രക്ഷിക്കാന്‍ പോയ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു

By webdesk18

October 14, 2025

മഹാരാഷ്ട്ര: ഇലക്ട്രിക് വയറില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു. മരിച്ചത് ദിവയിലെ ദതിവാലി സ്വദേശിയായ ഉത്സവ് പാട്ടീല്‍ (28) ആണ്.

സംഭവം താനെയിലെ ഖാര്‍ഡിഗാവിലെ സുദാമ റെസിഡന്‍സിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു.

ടോറന്റ് പവര്‍ കമ്പനിയുടെ ഓവര്‍ഹെഡ് വയറുകളില്‍ പ്രാവ് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിവ ബീറ്റ് ഫയര്‍ സ്റ്റേഷനില്‍നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി.

രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ അബദ്ധത്തില്‍ ഹൈടെന്‍ഷന്‍ വയറില്‍ സ്പര്‍ശിക്കുകയും വൈദ്യുതാഘാതമേല്‍ക്കുകയും ചെയ്തു. ഇരുവരെയും ഉടന്‍ തന്നെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉത്സവ് പാട്ടീല്‍ മരണമടഞ്ഞു.

മറ്റൊരു സേനാംഗനായ ആസാദ് പാട്ടീല്‍ (29) കൈയ്ക്കും നെഞ്ചിനും പൊള്ളലേറ്റ നിലയിലാണ് ചികിത്സയിലുള്ളത്.

ഉയര്‍ന്ന അപകടസാധ്യതയുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ അഗ്നിശമന സേനയ്ക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ലെന്നത് പ്രദേശവാസികള്‍ ഉന്നയിച്ച പ്രധാന ആരോപണമാണ്. കൂടാതെ, വൈദ്യുതി വിതരണം വിച്ഛേദിക്കുന്നതുപോലുള്ള സുരക്ഷാ നടപടികള്‍ പാലിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് താമസക്കാര്‍ ആരോപിച്ചു.