Connect with us

Health

ആശുപത്രികളിലെ പരിപാടികളില്‍ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം

Published

on

ആശുപത്രി വളപ്പില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപാടികള്‍ നടത്തുന്ന സമയങ്ങളില്‍ വലിയ ശബ്ദഘോഷങ്ങളോ വെടിമരുന്ന് പ്രയോഗമോ പാടില്ല. പരിപാടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാകണം.

രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. ആശുപത്രികളിലെ പൊതുഅന്തരീക്ഷം രോഗി സൗഹൃദമായി നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

Health

ഭക്ഷ്യവിഷബാധയില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവ്; ഇതുവരെ ചികിത്സ തേടിയത് 411 പേര്‍

ഈ വര്‍ഷം 24 പേര്‍ക്ക് കോളറയും മൂന്ന് പേര്‍ക്ക് വീതം ഷിഗല്ലെയും ഹെപ്പറ്റൈറ്റിസ് എയും ഒരാള്‍ക്ക് ടൈഫോയ്ഡും ബാധിച്ചു

Published

on

മഴക്കാലമായതോടെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഇനി വലിയ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ കോളറയും ഷിഗെല്ലയുമടക്കം ജലജന്യരോഗങ്ങള്‍ ജില്ലയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ട് ആരോഗ്യവകുപ്പ്. ഭക്ഷ്യ വിഷബാധയേറ്റ് ഈ വര്‍ഷം ഇതുവരെ 411 പേരാണ് ചികിത്സ തേടിയത്. കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച എട്ട് സംഭവങ്ങളിലാണിത്. ഒറ്റപ്പെട്ടവ ഇതിന് പുറമെയാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്ഷ്യ വിഷബാധ വര്‍ദ്ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്ക കൂട്ടിയിട്ടുണ്ട്. ഈ വര്‍ഷം 24 പേര്‍ക്ക് കോളറയും മൂന്ന് പേര്‍ക്ക് വീതം ഷിഗല്ലെയും ഹെപ്പറ്റൈറ്റിസ് എയും ഒരാള്‍ക്ക് ടൈഫോയ്ഡും ബാധിച്ചു. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കിയതിനാല്‍ മരണം തടയാനായി.

ജനുവരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടിടത്തായി 85 പേര്‍ ചികിത്സ തേടി. തേഞ്ഞിപ്പാലത്ത് ഗൃഹപ്രവേശന സല്‍കാരത്തിനിടെ 60 പേര്‍ക്കും അങ്ങാടിപ്പുറത്ത് 25 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. അങ്ങാടിപ്പുറത്ത് കാറ്ററിംഗ് ഫുഡായിരുന്നു. ഇതില്‍ അഞ്ച് പേരില്‍ നോറ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇത് മുതിര്‍ന്നവരെ കാര്യമായി ബാധിക്കില്ലെങ്കിലും കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാം.

മാര്‍ച്ചില്‍ മൂന്നിടത്തായി 119 പേരാണ് ചികിത്സ തേടിയത്. വഴിക്കടവില്‍ ജലനിധി പൈപ്പ് ലൈന്‍ വെള്ളത്തിലൂടെ 24 പേര്‍ക്ക് കോളറയുണ്ടായി. 69 പേരാണ് കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നത്. എടരിക്കോടില്‍ ഗൃഹപ്രവേശന സത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 30 പേരില്‍ മൂന്ന് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തു.

മൂത്തേടത്ത് കല്യാണവിരുന്നിനിടെ 40 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ഒരാള്‍ക്ക് ടൈഫോയ്ഡും സ്ഥിരീകരിച്ചു. ഏപ്രിലില്‍ രണ്ടിടത്തായി 59 പേര്‍ക്കാണ് ഹോട്ടല്‍ ഭക്ഷണത്തിലൂടെ ഭക്ഷ്യവിഷ ബാധയേറ്റത്. പൊന്മളയില്‍ 19ഉം എ.ആര്‍ നഗറില്‍ 23 പേരും ചികിത്സ തേടി. എ.ആര്‍ നഗറില്‍ ഷിഗെല്ലയും സാല്‍മോണെല്ലയും സ്ഥിരീകരിച്ചു. മേയില്‍ കാലടിയില്‍ വിവാഹ വിരുന്നിനിടെ കുടിവെള്ളത്തിലൂടെ 145 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ രണ്ടുപേര്‍ക്ക് ഷിഗെല്ലയും ആറ് പേരില്‍ നോറോ വൈറസിന്റെയും സാന്നിദ്ധ്യം കണ്ടെത്തി.

വഴിക്കടവില്‍ കോളറ പരത്തിയ കാരക്കോടന്‍ പുഴയിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ പരിസരം വീണ്ടും മലിനമായിട്ടുണ്ട്. ഇവിടത്തെ ജലനിധി കിണര്‍ ശുദ്ധീകരിച്ച് ക്ലോറിനേഷന്‍ നടത്തിയിരുന്നു. എല്ലാ ദിവസവും വെള്ളം പമ്പ് ചെയ്യും മുമ്പ് ക്ലോറിനേഷന്റെ അളവ് പരിശോധിക്കാന്‍ മോണിറ്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എന്നാല്‍ ഇതെല്ലാം പേരിലൊതുങ്ങിയതോടെ ജലനിധി കിണറിലേക്ക് വീണ്ടും മലിനജലം ഇറങ്ങുന്ന സാഹചര്യമാണ്.

ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടും കോളറ പടരാനുള്ള സാഹചര്യമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മലീനീകരണം തടയാന്‍ ജലനിധി, പഞ്ചായത്ത് അധികൃതര്‍ ഇതുവരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല.

Continue Reading

Environment

പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള കുഞ്ഞിക്കാൽവെപ്പുകൾ ;പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാൻ പുനരുപയോഗിക്കാവുന്ന നാപ്കിനുകൾ

പണ്ട് രക്ഷിതാക്കൾ ഉപയോഗിച്ചിരുന്ന ടെറി ക്ലോത്ത്, സേഫ്റ്റി പിൻ നാപ്കിനുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ.കുതിർത്ത് കഴുകി ഉണക്കി 15 തവണ വരെ ഉപയോഗിക്കാം. ചോർച്ചക്കും സാധ്യത കുറവാണ്, നേരിട്ട് വാഷിംഗ് മെഷീനിൽ ഇടാം.എന്നത് കൊണ്ട് വെള്ളത്തിന്റെ ആവശ്യവും പരിമിതമാണ്.

Published

on

ആധുനിക ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്താണെന്ന് ഏതെങ്കിലും അമ്മമാരോട് ചോദിച്ചു നോക്കൂ. ഒരു സംശയവും വേണ്ട,  അവർ ആദ്യം പറയുന്ന പേര് ഡിസ്പോസിബിൾ നാപ്ക്കിൻറെതായിരിക്കും. കുട്ടിത്തുണികൾ നിരന്തരം കഴുകുകയും ഉണക്കുകയും ചെയ്യുന്ന ബുദ്ധിമുട്ടിൽ നിന്നും സമയനഷ്ടത്തിൽ നിന്നും അവരെ മോചിപ്പിച്ച ആ ഉത്പന്നം അവരുടെ കുടുംബജീവിതത്തിൽ പരിവർത്തനപരമായ സ്വാധീനം ചെലുത്തുകയും ചെയ്‌തു.1940-കളുടെ അവസാനത്തിലാണ് നാപ്കിനുകൾ ആദ്യമായി വൻതോതിൽ വിപണിയിൽ എത്തിതുടങ്ങിയത്. അന്ന് വലിയൊരു സൗകര്യം പ്രധാനം ചെയ്ത് അവതരിച്ച അവ ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക ആഘാതം എത്രമാത്രം വിനാശകരമായിരിക്കുമെന്ന് മനുഷ്യരാശി മനസിലാക്കിയില്ല.

2021-ലെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്നതോ ഡിസ്പോസിബിൾ ചെയ്യുന്നതോ ആയ നാപ്കിനുകൾ കൂടുതലും വിസ്കോസ് റേയോൺ, പ്ലാസ്റ്റിക്കുകൾ – പോളിസ്റ്റർ, പോളിയെത്തിലീൻ, പോളിപ്രൊഫൈലിൻ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഡിസ്പോസിബിൾ നാപ്കിനുകൾ അവയുടെ മുഴുവൻ ജീവിതചക്രത്തിലും പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ഉല്പന്നമായി മാറി.

പ്‌ളാസ്റ്റിക് അടങ്ങിയിരിക്കുന്നു എന്നതിനോടൊപ്പം നാപ്കിനുകൾ കുഞ്ഞുങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ പേറി ഉപേക്ഷിക്കപ്പെടുന്നതുകൊണ്ട് ഇത് പുനരുപയോഗം ചെയ്യുന്നത് കൂടുതൽ വെല്ലുവിളിയായി. പ്രതിവർഷം 71 ബില്യൺ യുഎസ് ഡോളറിന്റെ വിപണി സാന്നിധ്യമുള്ള ഡിസ്പോസിബിൾ നാപ്കിൻ ആഗോളതലത്തിൽ പൊതുമാലിന്യത്തിലേക്ക് ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നായി മാറിയിരിക്കുന്നു .ഓരോ മിനിറ്റിലും ആഗോളതലത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 250 ദശലക്ഷം നാപ്‌കിനുകൾ കത്തിക്കപ്പെടുകയോ കുഴിച്ചിടപ്പെടുകയോ അല്ലെങ്കിൽ വലിച്ചെറിയപ്പെടുകയോ ചെയ്യുന്നു.

ഇതിനുള്ള ഒരു പരിഹാരമാണ് പുനരുപയോഗിക്കാവുന്ന നാപ്കിനുകൾ .പണ്ട് രക്ഷിതാക്കൾ ഉപയോഗിച്ചിരുന്ന ടെറി ക്ലോത്ത്, സേഫ്റ്റി പിൻ നാപ്കിനുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ.കുതിർത്ത് കഴുകി ഉണക്കി 15 തവണ വരെ ഉപയോഗിക്കാം. ചോർച്ചക്കും സാധ്യത കുറവാണ്, നേരിട്ട് വാഷിംഗ് മെഷീനിൽ ഇടാം എന്നത് കൊണ്ട് വെള്ളത്തിന്റെ ആവശ്യവും പരിമിതമാണ്.

“ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന നാപ്പിനുകൾ സൗകര്യപ്രദമാണ്, പക്ഷെ അവ നമ്മുടെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.പുനരുപയോഗിക്കാവുന്ന നാപ്കിനുകളിലേക്ക് മാറുന്നത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും ഭാവിതലമുറയ്ക്ക് ആരോഗ്യകരമായ ഒരു ഭൂമി പ്രധാനം ചെയ്യാനും കഴിയും. പുനരുപയോഗിക്കാവുന്ന നാപ്പിനുകളുടെ ഉപയോഗത്തിന് കഴുകാൻ വൈദ്യുതിയും വെള്ളവും ആവശ്യമാണെങ്കിലും, ഓരോ പുനരുപയോഗത്തിലും അവയുടെ മൊത്തത്തിലുള്ള പാരിസ്ഥിതിക ആഘാതം കുറയുന്നു ” യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം റിസോഴ്‌സ് ആൻഡ് മാർക്കറ്റ്സ് ബ്രാഞ്ച് മേധാവി എലിസ ടോണ്ട പറയുന്നു.

ഉപഭോക്താക്കൾ വെള്ളം, ഊർജ്ജം-കാര്യക്ഷമമായ വാഷിംഗ് മെഷീനുകൾ തിരഞ്ഞെടുക്കുക, കൂടുതൽ സുസ്ഥിര സോപ്പുകൾ ഉപയോഗിക്കുക, 60 ഡിഗ്രി സെൽഷ്യസിൽ താഴെ കഴുകുക, ലൈൻ-ഡ്രൈയിംഗ് നാപ്പികൾ, കഴിയുന്നത്ര തവണ നാപ്കിനുകൾ വീണ്ടും ഉപയോഗിക്കുക എന്നിവയിലൂടെ ഈ ആഘാതങ്ങൾ കുറയ്ക്കാനാകും.പല ഡിസ്പോസിബിൾ നാപ്കിൻ ബ്രാൻഡുകളും തങ്ങളുടെ ഉൽപ്പന്നങ്ങൾ ബയോഡീഗ്രേഡബിൾ ആണെന്ന് അവകാശപ്പെടുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണ് “ബയോഡീഗ്രേഡബിൾ” എന്നതിന് അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ട നിർവചനം ഇല്ല, ആ പദം വിപണനത്തിനുള്ള ഒരു മാധ്യമം എന്നതിന് അപ്പുറം ഒന്നും അർത്ഥമാക്കുന്നില്ല. പുനരുപയോഗിക്കാവുന്ന നാപ്കിനുകൾക്ക് ആദ്യ വില ഒറ്റത്തവണ ഉപയോഗിക്കുന്ന നാപ്പിനേക്കാൾ കൂടുതലാണ് എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവ ചെലവ് കുറക്കുന്നു.

ആത്യന്തികമായി, മനുഷ്യരുടെയും പാരിസ്ഥിതിക ആരോഗ്യത്തിന്റെയും സംരക്ഷണത്തിനായി നാപ്കിൻ ഉൾപ്പെടെ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളിലേക്കുള്ള ഒരു മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണം,. ഉപഭോഗം മുതൽ മാലിന്യ സംസ്കരണം വരെയുള്ള ഓരോ ഘട്ടത്തിലും പുനരുപയോഗം മാലിന്യം കുറക്കുകയും പരിസരത്തെ കൂടുതൽ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.

 

 

Continue Reading

Health

മഴക്കാലം വരുന്നു; ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത

വേനല്‍മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതില്‍ വര്‍ധനവുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം

Published

on

മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കും. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. പനി വാര്‍ഡുകളും ആരംഭിക്കും.

ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും ആരോഗ്യ മന്ത്രി.

വേനല്‍മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതില്‍ വര്‍ധനവുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വര്‍ധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കന്‍ഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എന്‍. 1 എന്നിവയ്‌ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോകോള്‍ പാലിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

Continue Reading

Trending