പാരീസ്:ഇന്നത്തെ രാത്രി ഉറങ്ങാനുള്ളതല്ല. കളി കാണാനുള്ളതാണ്. ലോകകപ്പോ യൂറോയോ കോപ്പയോ ഒന്നുമല്ല. പക്ഷേ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്നാല്‍ ഫുട്‌ബോള്‍ ലോകത്തിന്റെ തന്നെ ചാമ്പ്യന്‍ ക്ലബാണ്. അവരെ കണ്ടെത്തുന്ന ഫൈനലാണ് ഇന്നത്തെ രാത്രി. 12-30 ന് ഫ്രാന്‍സിലെ പ്രിയ സോക്കര്‍ വേദിയായ സ്റ്റഡെ ഡി ഫ്രാന്‍സില്‍ സ്‌പെയിനിലെ ചാമ്പ്യന്‍ ക്ലബായ റയല്‍ മാഡ്രിഡും ഇംഗ്ലണ്ടിലെ സൂപ്പര്‍ ക്ലബായ ലിവര്‍പൂളും മുഖാമുഖം. അതല്ലെങ്കില്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മിലുള്ള ഒരു യൂറോപ്യന്‍ ഫൈനല്‍.

വിഖ്യാതരായ രണ്ട് ആശാന്മാര്‍. ജുര്‍ഗന്‍ ക്ലോപ്പെ എന്ന ജര്‍മന്‍കാരനും കാര്‍ലോസ് അന്‍സലോട്ടി എന്ന ഇറ്റലിക്കാരനും. അങ്ങനെ നോക്കുമ്പോള്‍ ഇത് ജര്‍മനി-ഇറ്റലി ഫൈനലുമാണ്. താര നിര നോക്കു- റയല്‍ സംഘത്തില്‍ കരീം ബെന്‍സേമ, ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയ വേള്‍ഡ് ക്ലാസ് സീനിയേഴ്‌സ്. ഇവര്‍ക്കൊപ്പം യുവനിരയിലെ മികച്ച കാവല്‍ക്കാരന്‍ തിബോത്ത് കൊത്‌വ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയവര്‍. ലിവര്‍ ടീമില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കിംഗ് ജോഡിയായ മുഹമ്മദ് സലാഹും സാദിയോ മാനേയും. ഇവര്‍ക്കൊപ്പം റോബര്‍ട്ടോ ഫിര്‍മിനോ, വിര്‍ജില്‍ വാന്‍ഡിജിക്, അലിസണ്‍ ബേക്കര്‍ തുടങ്ങിയ സീനിയേഴ്‌സ്.

റയലിനും ലിവറിനും ഇത്തവണ രണ്ട് കിരീടങ്ങള്‍ നേടാനായിട്ടുണ്ട്. റയല്‍ സ്പാനിഷ് ലാലീഗയും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കിയവര്‍. ലിവറാവട്ടെ കറബാവോ കപ്പും എഫ്.എ കപ്പും സീസണില്‍ ഷോക്കേസിലെത്തിച്ചിരിക്കുന്നു. രണ്ട് ടീമുകള്‍ക്കും മൂന്നാമതൊരു കിരീടം കൂടി സ്വന്തമാക്കി സീസണ്‍ അവസാനിപ്പിക്കാനാണ് മോഹം. പ്രീമിയര്‍ ലീഗ് നഷ്ടമായതായിരുന്നു ലിവറിന്റെ സമീപകാല വേദന.

മേജര്‍ ഇംഗ്ലീഷ് കിരീടത്തിന് ഒരു പോയന്റിന് അരികിലായിരുന്നു ടീമിന്റെ പതനം. പ്രീമിയര്‍ ലീഗ് അവസാന പോരാട്ടത്തിന്റെ അവസാന മിനുട്ട് വരെ സാധ്യതകളില്‍ നിറഞ്ഞ ടീം. ചാമ്പ്യന്മാരായി മാറിയ മാഞ്ചസ്റ്റര്‍ സിറ്റി അവസാന അങ്കത്തില്‍ ആസ്റ്റണ്‍ വില്ലയോട് തോറ്റ് നില്‍ക്കുമ്പോള്‍ വോള്‍വ്‌സിനെതിരെ മുന്നിലായിരുന്നു ലിവര്‍. പക്ഷേ അവസാനത്തില്‍ മൂന്ന് ഗോളുകളുമായി സിറ്റി തിരികെ വന്നപ്പോള്‍ ലിവറിന്റെ മോഹം അകന്നു. ആ നഷ്ടം നികത്താന്‍ ഇന്ന് ലിവറിന് യൂറോപ്യന്‍ കിരീടം വേണം. റയലാവട്ടെ ചാമ്പ്യന്‍സ് ലീഗ് ഏറ്റവുമധികം തവണ ഉയര്‍ത്തിയ സംഘമാണ്. അവരും വിട്ടു കൊടുക്കാതെ കളിക്കുമെന്നിരിക്കെ രാത്രിയില്‍ ഉറങ്ങിയാല്‍ നഷ്ടം സുന്ദരമായ സോക്കര്‍ പൂരമായിരിക്കും.