കളമശ്ശേരി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരുള്ള ടീമാണ് ബ്രസീലും അര്‍ജന്റീനയും. പന്ത് റഷ്യയിലാണ് തട്ടുന്നതെങ്കിലും ആവേശത്തിനും ഫാന്‍സ് ഫൈറ്റിനും കേരളത്തില്‍ ഒരു കുറവുമില്ല. ലോകകപ്പിന് മുമ്പേ കേരളത്തിലെ മിക്ക റോഡിന്റെയും ഇരുവശവും ഇരു ടീമികളുടേയും ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളുടെയും ടീമിന്‍െയും കട്ടൗട്ടുകള്‍ സ്ഥാപിച്ചാണ് ശക്തികാണിച്ചത്. റഷ്യന്‍ ലോകകപ്പിന് കിക്കോഫ് കഴിഞ്ഞതോടെ ഫാന്‍സ് യുദ്ധം പതിന്മടങ്ങ് ശക്തിപ്രാപിക്കുകയും ചെയ്തു.

കളമശ്ശേരിയില്‍ ബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ തമ്മില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഒരു യുവാവിന്റെ വിവാഹമാണ് മുടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരം പാര്‍ട്ടി ഓഫീസിന്റെ മുന്നിലെ ബിഗ് സ്‌ക്രീനില്‍ കളി ആസ്വദിക്കുന്നതിനിടയിലാണ് ബ്രസീല്‍, അര്‍ജന്റീന ഫാന്‍സുകാര്‍ തമ്മിലടിച്ചത്. സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലായിരുന്നു ഫാന്‍സ്പോര് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി ഓഫീസിന് തൊട്ടടുത്തുള്ള യുവാവിന്റെ വീട്ടില്‍ വിവാഹം ഉറപ്പിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ എത്തിയ സമയത്തായിരുന്നു ഫാന്‍സുകള്‍ തമ്മിലടിച്ചത്. അമ്പതിലധികം യുവാക്കള്‍ തമ്മിലടിക്കുന്ന കഴ്ചകണ്ടാണ് വധുവിന്റെ വീട്ടുകാര്‍ എത്തിയത്.
ഇതുകണ്ടതും വണ്ടിയില്‍ നിന്നിറങ്ങാന്‍ പോലും ധൈര്യപ്പെടാതെ മുളവുകാടുനിന്നെത്തിയ പെണ്‍വീട്ടുകാര്‍ ചെക്കന്റെ വീട്ടുകാരെ ഒന്നും അറിയിക്കാതെ വന്ന വഴി തന്നെ മടങ്ങി. വീടിനുള്ളിലായിരുന്നതിനാല്‍ യുവാവും വീട്ടുകാരും ഇതൊന്നും അറിഞ്ഞതുമില്ല. അടിപിടി കണ്ട് അങ്കലാപ്പിലായ വധുവിന്റെ വീട്ടുകാര്‍ കല്യാണാലോചന തുടരണോ വേണ്ടയോ എന്ന ആശങ്കയിലാണിപ്പോള്‍.

അതേസമയം അടിപിടിക്കിടെ പരിക്കേറ്റവരെ മഞ്ഞുമ്മല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും അവിടേയും ബ്രസീല്‍ അര്‍ജന്റീന യുദ്ധം തുടരുകയായിരുന്നു.