kerala

ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍ മുടങ്ങിയത് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

By webdesk18

March 10, 2025

വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ പെന്‍ഷന്‍ മുടങ്ങിയത് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മൂന്ന് മാസത്തെ പെന്‍ഷന്‍ മാത്രമേ മുടങ്ങിയുള്ളൂവെന്ന ധനമന്ത്രിയുടെ വാദത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, മൂന്ന് ഗഡുക്കള്‍ മാത്രം പെന്‍ഷന്‍ കൊടുക്കാനുണ്ട് എന്നതായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മറുപടി. എന്നാല്‍, ഈ സര്‍ക്കാരിന്റെ മുന്‍ഗണന എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

എം.വിന്‍സെന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിച്ചത്. മുന്‍കാല തൊഴിലാളി പാര്‍ട്ടിയുടെ സര്‍ക്കാര്‍ തൊഴിലാളികളോട് കാണിക്കുന്നത് വഞ്ചനയാണ്. കെട്ടിട നിര്‍മാണ ക്ഷേമനിധിയില്‍ 17 മാസമാണ് പെന്‍ഷന്‍ കുടിശ്ശിക. പരിപ്പ് വട മാറ്റി കശുവണ്ടി കൊറിക്കുന്ന സമയത്തെങ്കിലും കശുവണ്ടി തൊഴിലാളികളെ ഓര്‍ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാലോചിതമായി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവച്ചു. ധനകാര്യ മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.