X

ചോദ്യം രഞ്ജിത്തിനോടാണ്; മന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല; അവാര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് സംവിധായകന്‍ വിനയന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാനെതിരെ സംവിധായകന്‍ വിനയന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടോ എന്ന ചോദ്യം രഞ്ജിത്തിനോടാണ് അതില്‍ മന്ത്രി മറുപടി പറയേണ്ടതില്ല. അക്കാദമി ചെയര്‍മാന് സാംസ്‌കാരിക മന്ത്രി ക്ലീന്‍ ചിറ്റ് കൊടുത്തെങ്കില്‍ രഞ്ജിത്തിന് പിന്നെ പ്രശ്‌നം ഒന്നും ഇല്ലല്ലോ?

അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പ്രൊജക്ഷന്‍ നടക്കുമ്പോഴും ഡിസ്‌കഷന്‍ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ എന്നും പിന്നെയെങ്ങനെ ചെയര്‍മാന്‍ ഇടപെട്ടില്ലെന്ന് പറഞ്ഞുവെന്നും വിനയന്‍ ചോദിച്ചു. രഞ്ജിത്തിനെതിരെ ജൂറി അംഗമായ നേമം പുഷ്പരാജ് ഉയര്‍ത്തിയ ആരോപണം അന്വേഷിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്നും വിനയന്‍.

അവാര്‍ഡ് അര്‍ഹതയുള്ളവര്‍ക്കാണോ അല്ലാത്തവര്‍ക്കാണോ കൊടുത്തത് എന്നൊന്നും അല്ല പ്രശ്‌നം എന്നും അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായ അക്കാദമി ചെയര്‍മാന്‍ ഇടപെട്ടോ എന്നതാണ് ഗുരുതരമായവിഷയമെന്നും വിനയന്‍ കൂട്ടിചേര്‍ത്തു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്‌റ്റേറ്റ് സിനിമാ അവാര്‍ഡ് ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞതും അതിന്‍പ്രകാരം ഞാന്‍ ആരോപിച്ചതുമായ കാര്യങ്ങള്‍ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാന്‍ അക്കാദമി ചെയര്‍മാന്‍ ശ്രി രഞ്ജിത്തിന് ക്ലീന്‍ ചിറ്റ് കൊടുത്തതായി ന്യൂസില്‍ കണ്ടു..ചെയര്‍മാന്‍ ഒരിടപെടലും നടത്തിയിട്ടില്ലത്രേ..

അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് ശ്രീ രഞ്ജിത്തിനോടല്ലേ?.. രഞ്ജിത്ത് ഉത്തരം പറയട്ടെ എന്നിട്ടു ബാക്കി പറയാമെന്നാണ് അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നത്..അതിനു മുന്‍പ് ഈ വിധി പറച്ചില്‍ വേണമായിരുന്നോ?

അവാര്‍ഡു നിര്‍ണ്ണയത്തിന്റെ പ്രൊജക്ഷന്‍ നടക്കുമ്പോഴും ഡിസ്‌കഷന്‍ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് താങ്കള്‍ ഇത്ര നിസ്സംശയം പറഞ്ഞത് ചെയര്‍മാന്‍ ഇടപെട്ടിട്ടില്ലന്ന്.. ചുരുങ്ങിയ പക്ഷം അങ്ങയുടെ പി എസ്സി നോടെങ്കിലും ചോദിക്കണമായിരുന്നു സാര്‍.. താങ്കളുടെ പി സ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളില്‍ തന്നെ ചെയര്‍മാന്‍ രഞ്ജിത്ത് അനാവശ്യമായീ ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സാര്‍.. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്.. ശ്രി മനു അതു നിയന്ത്രിക്കാന്‍ ശ്രമിച്ചെന്നും അറിഞ്ഞു എന്നിട്ടും താങ്കളറിഞ്ഞില്ലന്നു പറഞ്ഞാല്‍ കഷ്ടമാ..

അവാര്‍ഡ് അര്‍ഹതയുള്ളവര്‍ക്കാണോ അല്ലാത്തവര്‍ക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്‌നം.. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധി ആയ അക്കാദമി ചെയര്‍മാന്‍ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം.. ജൂറി മെമ്പര്‍മാരോടു സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പാമാരോ അല്ലേ അതിനുത്തരം പറയേണ്ടത്,, നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിന്‍സി ഗ്രിഗറിയും ഇന്നു വെളുപ്പെടുത്തിയിട്ടുണ്ട് ശ്രീ രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി..

അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീന്‍ ചിറ്റു കൊടുക്കാന്‍.. അതോ വിശ്വ വിഖ്യാത സംവിധായകര്‍ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നുംനോക്കേണ്ടതില്ലേ.

ഏതായാലും അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറയട്ടേ നേമം പുഷ്പ രാജിന്റെ ആരോപണത്തിനുള്ള മറുപടി.. ഇങ്ങനൊന്നും ചെയ്തിട്ടില്ലാന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാല്‍ അതിനുള്ള മറുപടിയുമായി ശ്രി പുഷ്പരാജ് എത്തിക്കോളും പുറകേ മാത്രമേ ഞാന്‍ വരേണ്ടതുള്ളു..അതിനു മുന്‍പ് ആരും മുന്‍കൂര്‍ ജാമ്യം കൊടുക്കാന്‍ കഷ്ടപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.

webdesk13: