ലോകകപ്പ് മത്സരത്തില്‍ മെസ്സിക്ക് കടുത്ത നിരാശ നല്‍കിയ പെനാല്‍റ്റി പാഴായ സംഭവത്തില്‍ രഹസ്യം വെളിപ്പെടുത്തി ഐസ്ലന്റ് ഗോളി ഹാള്‍ഡോര്‍സണ്‍. മെസ്സിയുടെ ഗോള്‍ തടഞ്ഞതിനെക്കുറിച്ചാണ് ഹാള്‍ഡോര്‍സന്റെ വെളിപ്പെടുത്തല്‍. അര്‍ജന്റീന-ഐസ്ലന്റ് മത്സരത്തിലെ 63-ാം മിനിറ്റില്‍ ലഭിച്ച നിര്‍ണ്ണായക പെനാല്‍റ്റി കിക്കിലാണ് മെസ്സിക്ക് പിഴച്ചത്. ഇതില്‍ ആരാധകരുടെയടക്കം കടുത്ത വിമര്‍ശനങ്ങളാണ് മെസ്സിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെസ്സി രംഗത്തെത്തിയ വേളയിലാണ് പെനാല്‍റ്റി തടുത്ത സംഭവത്തിലെ രഹസ്യം പറഞ്ഞ് ഗോളിയും എത്തുന്നത്.

അര്‍ജന്റീനയുമായുള്ള മത്സരത്തിനു ദിവസങ്ങള്‍ക്ക് മുന്നേ തന്നെ മെസിയുടെ പെനാല്‍റ്റികള്‍ പലയാവര്‍ത്തി കണ്ട് പഠിച്ചിരുന്നുവെന്ന് ഹാള്‍ഡോര്‍സണ്‍ പറയുന്നു. പെനാല്‍റ്റിയെടുക്കുന്ന സമയത്തെ മെസിയുടെ തന്ത്രങ്ങളും ഷോട്ടുതിര്‍ക്കുന്ന രീതികളുമെല്ലാം മനസിലാക്കിയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു. ഇതിനു മുന്‍പത്തെ മത്സരങ്ങളില്‍ പെനാല്‍റ്റികള്‍ തടുക്കുന്നതില്‍ തനിക്ക് പറ്റിയ പിഴവുകളും വീണ്ടും വീണ്ടും കണ്ട് മനസിലാക്കിയിരുന്നുവെന്നും ഹാള്‍ഡോര്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ മെസിയുടെ പെനാല്‍റ്റി തട്ടിയകറ്റാനായത് സ്വപ്‌നതുല്യമായ നേട്ടമാണെന്നും ഹാള്‍ഡോര്‍സണ്‍ വ്യക്തമാക്കി.