അഹമ്മദാബാദ്: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ്ഷായുടെ കമ്പനിയുടെ ആസ്തി സംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന ദ വയറിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. അതേസമയം ഹര്‍ജിക്കാരന് വിചാരണക്കോടതിയെ സമീപിക്കാമെന്നും 30 ദിവസത്തിനകം വിചാരണക്കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തിയ ശേഷം ജെയ് ഷായുടെ കമ്പനികളുടെ ആസ്തിയില്‍ 16,000 മടങ്ങ് വര്‍ധന ഉണ്ടായെന്ന ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിന്റെ വെളിപ്പെടുത്തലാണ് നിയമ നടപടിക്ക് ആധാരം. ജെയ്ഷാ നല്‍കിയ അപകീര്‍ത്തി കേസില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അഹമ്മദാബാദ് അഡീഷണല്‍ സെഷന്‍സ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.