kerala

യാത്രക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീണ് യുവാവ് ; അരമണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസ് വന്നില്ല; ദാരുണാന്ത്യം

By webdesk18

October 07, 2025

തൃശൂരില്‍ അധികൃതരുടെ അനാസ്ഥയില്‍ യുവാവിന്റെ ജീവന്‍ നഷ്ടമായതായി പരാതി. ട്രെയിനില്‍ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശിയായ ശ്രീജിത്താണ് ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചത്. മുളകുന്നത്തുകാവ് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്‌ഫോമില്‍ കിടത്തി.

തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈ എറണാകുളം ഓഖ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

തൃശൂരിലേക്ക് വരികയായിരുന്ന ശ്രീജിത്ത് ഷോര്‍ണൂര്‍ പിന്നിട്ടതോടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍ ട്രെയിന്‍ നിര്‍ത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ സ്‌റ്റേഷനില്‍ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരോട് ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും അവരുടെ അനാസ്ഥ കാരണം യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്‌ഫോമില്‍ കിടത്തേണ്ടിവന്നുവെന്നും പിന്നീട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.