കോഴിക്കോട്: നാട്ടില്‍ വര്‍ഗീയത പടര്‍ത്താനാണ് അമിത് ഷായുടെ സന്ദര്‍ശനമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. അമിത് ഷാ സന്ദര്‍ശനം നടത്തിയ പ്രദേശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും മുസ്‌ലിം ലീഗ് നേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍ വര്‍ഗീയത പടര്‍ത്താനുള്ള ബിജെപിയുടെ തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൂട്ടുപിടിക്കാമെന്നാണ് അമിത് ഷായുടെ കണക്കു കൂട്ടല്‍. ബിജെപിയുടെ ഗൂഢതന്ത്രം കേരളത്തില്‍ ഫലവത്താകില്ലെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുടെ കേരള സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിക്കവെയാണ് കെപിഎ മജീദ് ബിജെപി പ്രസിഡന്റിനെതിരെ ആഞ്ഞടിച്ചത്. കേരളത്തില്‍ സന്ദര്‍ശനത്തിനായെത്തിയ അമിത് ഷാ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായും കൂടിയാലോചന നടത്തിയിരുന്നു.

കേരളത്തില്‍ ഇടതു പക്ഷം അധികാരത്തില്‍ വന്നപ്പോഴെല്ലാം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനിയും അനുവദിക്കില്ലെന്ന് അമിത് ഷാ പൊതുസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

കേരള സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് അമിത് ഷാ മുഴുസമയ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.