ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിയറങുമായി ബന്ധപ്പെട്ട് ഏപ്രില്‍ നാലിന് നല്‍കിയ മറുപടി കത്തില്‍ തന്റെ ആവശ്യം അംഗീകരിച്ചിരുന്നെന്നും എന്നാല്‍ ഏഴ് ദിവസം കൊണ്ട് തീരുമാനം പിന്‍വലിച്ചെന്നും എന്‍ പ്രശാന്ത് വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ മറുപടി കത്ത് ഉള്‍പ്പെടുത്തിയാണ് എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ‘ഏഴു വിചിത്ര രാത്രികള്‍ കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്ന് എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതേസമയം തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതിന് പിന്നാലെ തീരുമാനം പിന്‍വലിച്ചതിന്റെ കാരണങ്ങള്‍ കത്തില്‍ അറിയിച്ചിട്ടില്ലെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഹിയറിങുമായി ബന്ധപ്പെട്ട് ഫെബ്രുവരി പത്തിന് നല്‍കിയ കത്തില്‍, ഹിയറിങ് റെക്കോര്‍ഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടതെന്ന് പ്രശാന്ത് പറയുന്നു. ഈ ആവശ്യം ഏപ്രില്‍ നാലാം തീയതി പൂര്‍ണമായും അംഗീകരിച്ചതാണ്. ഏപ്രില്‍ പതിനൊന്നാം തീയതിയായപ്പോള്‍ ഇത് പൂര്‍ണമായും പിന്‍വലിച്ചു. ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണം അറിയിച്ചില്ലെന്നും എന്‍ പ്രശാന്ത് പറയുന്നു.
സുതാര്യതയുടെയും വിവരാവകാശത്തിന്റെയും യുഗത്തില്‍ തന്റെ ആവശ്യം വിചിത്രമാണെന്ന് പറഞ്ഞതാരെന്ന് വെളിപ്പെടുത്തണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.