Connect with us

More

മഹിയെ കണ്ട് പഠിക്കണം കോലി-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഈ കീഴ്‌വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്…? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത് കോലി വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ സേവാഗിനെയും മാറ്റേണ്ടി വരില്ലേ…. ടീം മാനേജ്‌മെന്റ് എന്ന വിശാല ഗ്രൂപ്പിന് ഒരു പ്രസക്തിയുമില്ലാതെ വരുമ്പോള്‍ എവിടെയാണ് ചര്‍ച്ചയും ജനാധിപത്യവുമെല്ലാം വരുക..?

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയപ്പോള്‍ ആരോടും ചോദിക്കാതെയാണ് വിരാത് കോലി പാക്കിസ്താനെ ബാറ്റിംഗിന് അയച്ചത്. അശ്വിനെ ആദ്യ ഇലവനില്‍ കളിപ്പിച്ചതും നായകന്‍ തന്നെ. ക്യാപ്റ്റന്‍ തന്നെ എല്ലാം തീരുമാനിക്കുമ്പോള്‍ പിന്നെ ഹെഡ് കോച്ചും സഹ പരിശീലകരും കോച്ചിംഗ് സ്റ്റാഫും ഇവരെല്ലാം ഉള്‍പ്പെടുന്ന ടീം മാനേജ്‌മെന്റും എന്തിനാണ്…?

കോലി എന്ന ബാറ്റ്‌സ്മാന്റെ കഴിവും കരുത്തും ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ആ കരുത്തിന് ഊര്‍ജ്ജവും പ്രേരണയുമെല്ലാം നല്‍കുന്നത് പരിശീലകരും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ക്രിക്കറ്റ് പ്രേമികളും സീനിയര്‍ ക്രിക്കറ്റര്‍മാരുമെല്ലാമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ മഹാനായ ഒരു താരം മൂന്ന് പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ചു. അദ്ദേഹം പല പരിശീലകരുമായും ഇടപഴകി. ഗ്രെഗ് ചാപ്പലിനെ പോലുള്ള പിടിവാശികാര്‍ക്കൊപ്പം നിന്നു-പക്ഷേ ആരുമായും ഒരു പ്രശ്‌നത്തിനും അദ്ദേഹം മുതിര്‍ന്നില്ല. രാജ്യം കണ്ട മികച്ച നായകരില്‍ ഒരാളായ സൗരവ് ഗാംഗുലി നായക-നയതന്ത്ര ഗുണങ്ങള്‍ ഉളള ക്രിക്കറ്ററായിരുന്നു. അദ്ദേഹവും പരസ്യമായി ആരുമായും വഴക്കിന് പോയില്ല. അനില്‍ കുംബ്ലെ എന്ന ക്രിക്കറ്റര്‍ ദീര്‍ഘകാലം ഇന്ത്യക്കായി കളിച്ച താരമാണ് . ലോകത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായിരുന്നു. അനുഭവസമ്പത്തിലും രാജ്യാന്തര ഇടപെടലുകളിലും അദ്ദേഹത്തോളം സീനിയോരിറ്റിയുള്ളവര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവാണ്. അദ്ദേഹം ഹെഡ് കോച്ച് എന്ന രീതിയില്‍ നടത്തുന്ന ഇടപെടലുകളെ ക്യാപ്റ്റന് അദ്ദേഹത്തിന്റെ ദിശാകോണില്‍ കാണാം.

പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂന്നാമന്റെ സാന്നിദ്ധ്യത്തില്‍ പറഞ്ഞ് പരിഹരിക്കാം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് ക്ഷണിച്ചിട്ടും എന്നെ അതിന് കിട്ടില്ല എന്ന തരത്തില്‍ കോലി പെരുമാറുമ്പോള്‍ ആരെയെല്ലാമാണ് അദ്ദേഹം അനാദരിക്കുന്നത്…? ക്രിക്കറ്റ് ബോര്‍ഡും ഉപദേശക സമിതിയും എന്തിന് ഈ വിധം കോലിക്ക് വഴങ്ങി കൊടുത്തു….?

ഇവിടെയാണ് പ്രശ്‌നങ്ങളുടെ ഭാവിയും ഗൗരവവും മനസ്സിലാക്കേണ്ടത്…? കോലിയും സീനിയര്‍ താരങ്ങളും ചൂണ്ടിക്കാട്ടുന്നത് രവിശാസ്ത്രിയെയാണ്…. ശാസ്ത്രി പരിശീലകനായ സമയത്ത് അദ്ദേഹം താരങ്ങളില്‍ ഒരാളായി മാറിയെന്നും അത്തരത്തിലുള്ള ഫ്രീ കോച്ചിനെയാണ് ആവശ്യമെന്നും കോലി പറയുമ്പോള്‍ എല്ലാവര്‍ക്കും അവരവരുടെ ശൈലിയില്ലേ എന്ന ചോദ്യമുണ്ട്. കൃഷ്ണമാചാരി ശ്രീകാന്ത് ഇന്ത്യന്‍ ക്യാപ്റ്റനായപ്പോള്‍ അദ്ദേഹം സംസാരപ്രിയനായി എല്ലാവരുമായും ഇടപഴകി. എന്നാല്‍ പെട്ടെന്ന് അദ്ദേഹത്തെ മാറ്റി ക്രിക്കറ്റ് ബോര്‍ഡ് മുഹമ്മദ് അസ്ഹറുദ്ദീനെ നായകനാക്കി. അസ്ഹര്‍ അധികമാരോടും സംസാരിക്കാത്ത വ്യക്തിയായിരുന്നു. അതിന് മുമ്പ് നാകനായ അനുഭവസമ്പത്തുമില്ല. പക്ഷേ ജൂനിയറായിട്ടും കപില്‍ദേവിനെ പോലുളളവരെ എല്ലാ ബഹുമാനവും നല്‍കി നയിക്കാന്‍ അസ്ഹറിനായി. കുംബ്ലെയിലെ കോച്ച് സീനിയറാണ്- ആ സിനിയോരിറ്റിയെ ബഹുമാനിക്കുന്നതില്‍ എന്താണ് തെറ്റ്…?

ക്രിക്കറ്റിന്റെ മഹിതമായ പാരമ്പര്യമെന്നത് അച്ചടക്കമാണ്-മാന്യന്മാരുടെ ഗെയിം എന്ന പേര് ക്രിക്കറ്റിനെ വരാന്‍ തന്നെ കാരണം കളിക്കാരുടെ മാന്യതയാണ്. കോലിക്ക് എത്രയെത്ര മഹാരഥന്മാരായ മുന്‍ഗാമികളുണ്ട്. അവര്‍ ആരും സ്വന്തം കോച്ചിനെ തള്ളി പറഞ്ഞിട്ടില്ല. അസ്ഹര്‍ നായകനായ സമയത്ത് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ബിഷന്‍സിംഗ് ബേദി എന്ന സീനിയര്‍ സ്പിന്നറായിരുന്നു. ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനം വന്‍ പരാജയമായപ്പോള്‍ ബേദി ക്ഷുഭിതനായി പറഞ്ഞത് ഈ ടീമിനെ അറ്റ്‌ലാന്റിക്കില്‍ എറിയണമെന്നാണ്… പക്ഷേ അസ്ഹറോ മറ്റ് സീനിയര്‍ താരങ്ങളോ പ്രതികരിച്ചില്ല. സച്ചിന്‍ നായകനായപ്പോള്‍ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളെയും അന്നത്തെ പരിശീലകര്‍ ചോദ്യം ചെയ്തിരുന്നു-പക്ഷേ ആരെയും സച്ചിന്‍ തള്ളി പറഞ്ഞില്ല. കോച്ചിനെ മാറ്റണമെന്ന് പറയാതെ അദ്ദേഹം സ്വയം നായകസ്ഥാനം ഒഴിയുകയായിരുന്നു. ഇന്ത്യക്ക് ടി 20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച നായകനാണ് എം.എസ് ധോണി-അദ്ദേഹത്തിന്റെ ശൈലിയെന്നാല്‍ കോച്ചിനെ ബഹുമാനിച്ച് തന്നെ സ്വന്തം രീതി നടപ്പിലാക്കുക എന്നതാണ്. 2011 ലെ ലോകകപ്പ് ഫൈനല്‍ കണ്ടില്ലേ-ഗാരി കിര്‍സ്റ്റണ്‍ എന്ന ദക്ഷിണാഫ്രിക്കന്‍ കോച്ചിനെ അംഗീകരിച്ച് കൊണ്ട് തന്നെ ടീമിന്റെ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുത്തത് മഹിയായിരുന്നു.
ഇവിടെയാണ് നയതന്ത്രം വേണ്ടത്….. അത് കോലിക്കില്ല. അതാണ് അദ്ദേഹത്തിന്റെ പരാജയവും. ഐ.പി.എല്‍ മൈതാനത്ത് ഗൗതം ഗാംഭിറിനോട് കയര്‍ക്കുന്ന കോലിയെ നമ്മള്‍ കണ്ടിട്ടുണ്ട്. പൊട്ടിത്തെറിക്കുന്ന കോലിയെ കണ്ടിട്ടുണ്ട്- ഒരു നായകന്‍-അതും ക്രിക്കറ്റില്‍ ഇത്ര ആവേശഭരിതനാവുന്നതിനോട് പല അഭിപ്രായങ്ങളുമുണ്ട്. ഇപ്പോള്‍ കോലി വെറുതെ വലിയ സമ്മര്‍ദ്ദം ചുമലിലേറ്റുന്നു. കോച്ചിനെ പടിക്ക് പുറത്താക്കിയ നായകന്‍ എന്നത് എന്ത് വന്നാലും സല്‍പ്പേരല്ല. ടീമിന് ഇനി പരാജയങ്ങളുണ്ടായാല്‍ അത് പൂര്‍ണമായും കോലിയുടെ ഉത്തരവാദിത്ത്വമാവും. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ വന്‍ പരാജയത്തിന്റെ ഉത്തരവാദി ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഇങ്ങനെ പരാജയം ചോദിച്ചു വാങ്ങുകയും എല്ലാവരെയും വെറുപ്പിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും എല്ലാവരും കൂടെയുണ്ടാവുമെന്ന് ക്യാപ്റ്റന്‍ കരുതരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിദ്ധാർഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ

ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല

Published

on

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർക്ക് സംഭവിച്ച വീഴ്ചകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ. സർവകലാശാല അധികൃതരുടെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുന്‍ വയനാട് ഡിവൈഎസ്പി വിജി കുഞ്ഞന്‍ സഹായിക്കും. ബിവിഎസ്‌സി രണ്ടാം വർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.

സിദ്ധാർഥിന്‍റെ മരണം തടയുന്നതിൽ സർവകലാശാല അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. കാമ്പസിലെ റാഗിങ്, മറ്റ് അക്രമസംഭവങ്ങൾ എന്നിവ തടയുന്നതിൽ സർവകലാശാല വൈസ് ചാൻസലർ, ഓഫീസർമാർ, അധികൃതർ എന്നിവർ പരാജയപ്പെട്ടെന്ന് ചാൻസലർ കണ്ടെത്തിയെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

Continue Reading

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

kerala

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

Published

on

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

Trending