തിരുവനന്തപുരം:  തലസ്ഥാനത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം. കരിക്കകത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അതിനിടെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ്.

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കരിക്കകത്ത് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിക്കകത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്. കോര്‍പ്പറേഷനിലുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്ന ജനറല്‍ ആശുപത്രിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അവിടേക്കാണ് വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകരെയും എത്തിച്ചിട്ടുള്ളത്.

സിപിഎം ഓഫീസ് ആക്രമിച്ചതും പ്രവര്‍ത്തകരെ വെട്ടിപരിക്കേല്പിച്ചതും ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.