കോട്ടയം: സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിപിഐയും കോണ്‍ഗ്രസ് ഒന്നിച്ചു നിന്നപ്പോഴാണ് കേരളത്തിന്റെ സുവര്‍ണകാലമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് റവന്യൂ ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനത്തില്‍ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു തിരുവഞ്ചൂരിന്റെ ഈ പ്രസ്താവന. തിരുവഞ്ചൂരിന്റെ പ്രസംഗം വന്‍ കയ്യടിയോടെയാണ് സദസ് വരവേറ്റത്.

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെയും മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെയും പരിപാടിയില്‍ തിരുവഞ്ചൂര്‍ പുകഴ്ത്തി. അച്യുതമേനോന്‍ കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായിരുന്നു. കേരളത്തിന്റെ സുവര്‍ണ കാലഘട്ടം അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലഘട്ടമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. റവന്യു മന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ യോജിപ്പാണുള്ളതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഭൂമി വിഷയത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ച് മുന്നേറ്റമുണ്ടാകണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മതേതര വിശാലസഖ്യം സാധ്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെയും സിപിഐയെ കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. പിണറായി മന്ത്രിസഭയില്‍ സിപിഐക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും സിപിഐയുടെ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്‍ഡിഎഫ് സംവിധാനം തടസമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ- സിപിഎം ബന്ധത്തിലുള്ള ഉലച്ചില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് വലിയ തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നു. തിരുവഞ്ചൂരിന്റെ ക്ഷണത്തിന് സി.പിഐ നേതൃത്വം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല