തൊടുപുഴ: ഇടുക്കി മുണ്ടന്‍മുടിയില്‍ നാലംഗ കുടുംബത്തെ കൊന്നു കൂഴിച്ചുമൂടിയ സംഭവത്തിന് പിന്നില്‍ മന്ത്രവാദ തട്ടിപ്പെന്ന് പൊലീസ്. കേസില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.

കൃഷ്ണനും കൂട്ടരും മന്ത്രവാദത്തിന്റെ പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തും തട്ടിപ്പ് നടത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ ഷിബു, ഇര്‍ഷാദ്, രാജശേഖരന്‍ എന്നിവര്‍ക്ക് കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ കൃഷ്ണനുമായി ഇടപാടുകള്‍ നടത്തിയവരാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.