കോട്ടയം: മുന്‍കാല നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ചികില്‍സയിലായിരുന്ന സിനിമാ നാടക നടി, പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആസ്പത്രിയിലാല്‍ വെച്ചാണ് മരിച്ചത്. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും.

മലയാളത്തില്‍ 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വാസന്തി, തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാവികയായിരുന്നു. പ്രമേഹരോഗത്തെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റുകയുമുണ്ടായി.

സിനിമക്ക് പുറമെ 16 സീരിയലുകളിലും നൂറിലേറെ നാടകങ്ങളിലും വാസന്തി വേഷമിട്ടു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

നാടക നടന്‍ അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെ അഭിനയ ജീവിതം തുടങ്ങി. പീനല്‍കോഡ്’ എന്ന നാടകത്തില്‍ അഭിനയിക്കവെ അടൂര്‍ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്. കെ.ജി ജോര്‍ജ്ജിന്റെ ‘യവനിക’, അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തി.