മന്ത്രി തോമസ്ചാണ്ടിയുടെ പേരിലുള്ള ഭൂമി കയ്യേറ്റക്കേസില്‍ സി.പി.ഐ അയയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും പിന്തുണ എ.ജിക്കാണെന്ന് വ്യക്തമായതോടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖനും നിലപാടില്‍ നിന്നും പിന്മാറുന്നു.

കേസില്‍ കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ആര് ഹാജരാകണമെന്നതിനെച്ചൊല്ലി റവന്യൂവകുപ്പും എ.ജിയും തമ്മിലുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് എ.ജിയുടെ ഓഫീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സി.പി.ഐയുടെ പിന്‍മാറ്റം. ഇന്നലെ റവന്യൂമന്ത്രിയും കാനവും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. തങ്ങളുടെ എതിര്‍പ്പുകളെ മുഖ്യമന്ത്രിയുടെ പിന്തുണയോടെ എ.ജി സുധാകരപ്രസാദ് അവഗണിക്കുന്നത് സി.പി.ഐക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.

നേരത്തെ മൂന്നാര്‍, ലോ അക്കാദമി വിവാദങ്ങളില്‍ ആദ്യഘട്ടത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച സി.പി.ഐയെ ഒടുവില്‍ പിണറായി തന്ത്രപരമായി ഒതുക്കുകയായിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തോമസ്ചാണ്ടി വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലിലാണ് സി.പി.ഐ നേതൃത്വം. കേസിന്റെ തുടക്കം മുതല്‍ തോമസ്ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ചുവരുന്നത്. തോമസ്ചാണ്ടിയുടെ കായല്‍കയ്യേറ്റം വ്യക്തമാക്കുന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടു പോലും പിണറായി നിസാരവല്‍ക്കരിക്കുന്നു. മറ്റ് ഘടകകക്ഷികളാകട്ടെ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതുമില്ല. റവന്യൂവകുപ്പിന് മേല്‍ മുഖ്യമന്ത്രി നടത്തുന്ന കയന്നുകയറ്റത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരനും സി.പി.ഐക്കും നേരത്തെ തന്നെ അസ്വസ്ഥതയുണ്ട്. എന്നാല്‍ എതിര്‍പ്പുകളൊന്നും ഫലം കാണുന്നില്ല. റവന്യൂവകുപ്പ് ഭരിക്കുന്നത് താനാണെന്ന് ആര്‍ജവത്തോടെ പറയുന്ന മന്ത്രി ചന്ദ്രശേഖരന് തന്റെ നിലപാടുകളും തീരുമാനങ്ങളും നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

തോമസ്ചാണ്ടിയുടെ കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (എ.എ.ജി) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന റവന്യൂ വകുപ്പിന്റെ ആവശ്യം നടപ്പിലാകുമെന്ന പ്രതീക്ഷ ഇ. ചന്ദ്രശേഖരനില്ല. കേസ് നടത്തിപ്പ് സംബന്ധിച്ച് തങ്ങള്‍ അഭിപ്രായം പറഞ്ഞു, ബാക്കി കാര്യങ്ങള്‍ കേസിന്റെ വിധി വന്നശേഷം വ്യക്തമാക്കാമെന്നാണ് സി.പി.ഐയുടെ ഇപ്പോഴത്തെ നിലപാട്.

വിവാദത്തില്‍ നിന്ന് പിന്‍മാറുകയാണെങ്കിലും ഇക്കാര്യത്തില്‍ റവന്യൂമന്ത്രിയും കാനംരാജേന്ദ്രനും നടത്തിയ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടി നിലപാടുകള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായകമായെന്ന വിലയിരുത്തല്‍ സി.പി.ഐ നേതൃത്വത്തിനുണ്ട്. പാര്‍ട്ടി കയ്യേറ്റക്കാര്‍ക്കൊപ്പമല്ലെന്ന സന്ദേശം നല്‍കാനായെന്ന് ഇവര്‍ കരുതുന്നു. എന്നാല്‍ തോമസ്ചാണ്ടി മന്ത്രിയായും പി.വി അന്‍വര്‍ എം.എല്‍.എയായും തുടരുന്ന മുന്നണിയില്‍ സി.പി.ഐയുടെ നിലപാടുകള്‍ ഒരുഘട്ടത്തിലും വിജയം കാണാനിടയില്ല. ഈ പരിമിതി തന്നെയാണ് ഇ.ചന്ദ്രശേഖരനെയും കാനത്തെയും നിശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നത്.