തിരുവനന്തപുരം: ചെറുത്തുനില്‍പ്പ് ശക്തമാക്കിയും രാജി ഒഴിവാക്കാനുള്ള പഴുതുകള്‍ തേടിയും തോമസ്ചാണ്ടിയും എന്‍.സി.പിയും തലപുകയുമ്പോള്‍ മന്ത്രിസഭയില്‍ നിന്ന് മൂന്നാം വിക്കറ്റ് വീഴുന്നത് കാത്തിരിക്കുകയാണ് സി.പി.ഐ. ഏതുനിമിഷവും രാജി ഉണ്ടാകുമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴും തിരക്കിട്ട ചര്‍ച്ചകളിലൊരിടത്തും സി.പി.ഐ പങ്കെടുത്തില്ല. ഞായറാഴ്ച എല്‍.ഡി.എഫ് യോഗത്തില്‍ എടുത്ത നിലപാടിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

ഇന്നലെ സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലിരുന്ന് ടെലിവിഷനിലൂടെ കോടതി പരാമര്‍ശങ്ങള്‍ വീക്ഷിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ വൈകിട്ട് നാലരയോടെ കാനം മാധ്യമങ്ങളെ കണ്ട് നിലപാട് ഒന്നുകൂടി കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് കാനം പറഞ്ഞു.

സി.പി.എമ്മും സി.പി.ഐയും ജനതാദളും ചാണ്ടിയുടെ രാജി ഉറപ്പിച്ചാണ് എല്‍.ഡി.എഫ് യോഗം പിരിഞ്ഞത്. എന്നാല്‍ മുന്നണി തീരുമാനം ലംഘിക്കുന്ന നടപടിയാണ് എന്‍.സി.പിയില്‍ നിന്നുണ്ടായത്. തോമസ്ചാണ്ടിക്കുവേണ്ടി എന്‍.സി.പി ഇത്രത്തോളം തന്ത്രങ്ങള്‍ മെനയുന്നതിനെ സി.പി.ഐ പരസ്യമായി വിമര്‍ശിച്ചു. മന്ത്രി പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായാല്‍ ഇത്തരം സംഭവങ്ങളുണ്ടാകുമെന്ന് കാനം പറഞ്ഞു.

മന്ത്രി രാജിവെക്കുന്നത് തന്നെയാണ് നല്ലതെന്ന കോടതി തുറന്നുപറഞ്ഞ സാഹചര്യത്തിലും മുഖ്യമന്ത്രി തോമസ്ചാണ്ടിയുടെ രാജി ചോദിച്ചുവാങ്ങാത്തതാണ് സി.പി.ഐയെ അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദന്‍ പരസ്യമായി ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ചാണ്ടിയെ പിടിച്ച് പുറത്താക്കണമെന്നാണ് വി.എസ് പറഞ്ഞത്. എന്നാല്‍ തോമസ്ചാണ്ടിയുടെ നിയമലംഘനത്തെ ന്യായീകരിച്ച് പ്രസ്താവന നടത്തിയശേഷം ആദ്യമായി പരസ്യപ്രതികരണത്തിന് മുഖ്യമന്ത്രി തയാറായത് ഇന്നലെയാണ്. കോടതിവിധി പരിശോധിച്ച് തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു അത്.

ഈ ‘തക്ക സമയ’മാണ് സി.പി.ഐ കാത്തിരിക്കുന്നത്. അത് എത്രദിവസം വരെ നീണ്ടുപോകുമെന്നും ആശങ്കയുണ്ട്. എന്തുകൊണ്ടാണ് ഇനിയും മുഖ്യമന്ത്രി തോമസ്ചാണ്ടിയെ സംരക്ഷിക്കുന്നതെന്നാണ് മനസിലാകാത്തത്. എല്‍.ഡി.എഫ് യോഗത്തിന് ശേഷം ‘സി.പി.ഐ ഹാപ്പിയാണ്’ എന്ന് അഭിപ്രായപ്പെട്ട കാനം പക്ഷേ, ഇന്നലെ തികച്ചും തൃപ്തനായിരുന്നില്ല. പന്ന്യന്‍ രവീന്ദ്രനും ബിനോയ് വിശ്വവും ചാണ്ടിയുടെ രാജി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ.ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തില്‍ മന്ത്രിയായ തോമസ് ചാണ്ടിക്ക് ഭൂമി സംബന്ധിച്ച ആരോപണങ്ങളേക്കാള്‍ തിരിച്ചടിയായത് സ്വന്തം വാക്കുകളാണ്. കാനത്തെ വേദിയിലിരുത്തി ‘ഒരു അന്വേഷണ ഏജന്‍സിക്കും തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയില്ല’ എന്ന് ചാണ്ടി പ്രഖ്യാപിച്ചതാണ് വിവാദം സങ്കീര്‍ണമാക്കിയത്. ജനജാഗ്രതായാത്ര വെല്ലുവിളിക്കുള്ള വേദിയല്ലെന്നു വേദിയില്‍വെച്ചുതന്നെ തിരിച്ചടിച്ച കാനം, പിന്നീട് വാര്‍ത്താ സമ്മേളനത്തിലും ചാണ്ടിയെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. ഇ.പി. ജയരാജനെ ‘ധാര്‍മികത’യുടെ പേരിലും എ.കെ ശശീന്ദ്രനെ ‘സദാചാര’ത്തിന്റെ പേരിലും രാജിവെപ്പിച്ച പിണറായി ചാണ്ടിയെ സംരക്ഷിക്കുന്നതിന് പിന്നിലെ ദുരൂഹതയാണ് എല്‍.ഡി.എഫിന്റെ അകത്തളങ്ങളിലെ ഇപ്പോഴത്തെ സംസാരവിഷയം.