റിയാസ് പുലിക്കണ്ണി

പൊതുപ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ രാജി അനിവാര്യമാക്കുന്ന പതിനാലാം വകുപ്പില്‍ കാര്യമായ മാറ്റം വരുത്തി ലോകായുക്തക്ക് പൂട്ടിടാനൊരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും അറിയാതെ ഒളിച്ചുകടത്തി ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ച് പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്ര തിടുക്കം കൂട്ടുന്നത്? നിലവിലുള്ള കാതലായ പതിനാലം വകുപ്പ് ഭേദഗതി വരുത്തി ഗവര്‍ണറും മുഖ്യമന്ത്രിയും സര്‍ക്കാരും ഹിയറിങ് നടത്തി ലോകായുക്തയുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ നിരസിക്കാമെന്ന പുതിയ രീതി കൊണ്ടുവരുന്നതിന്റെ പിന്നിലെ പൊതുതാത്പര്യമെന്ത്? അഴിമതിക്കെതിരെ വലിയ യുദ്ധപ്രഖ്യപനം മുഴക്കി തമിഴ്‌നാട്ടിലടക്കം പ്രകടന പത്രികയിറക്കി പരസ്യപ്രചാരണം നടത്തിയ, ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയടക്കം ഉള്‍പ്പെടുത്തണമെന്ന് ഗോരഗോരം തെരുവില്‍ ഉദ്‌ഘോഷിച്ചു പ്രതിഷേധം നടത്തിയ സി.പി.എം ഭരണകക്ഷി സര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെ നിലപാട് സ്വീകരിക്കുന്നതിന്റെ യുക്തി വളരെ വ്യക്തമാണ്.

ദുരിതാശ്വാസ ഫണ്ട് വകമാറ്റി തിരിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയും വി.സി പുനര്‍ നിയമനത്തില്‍ സ്വജനപക്ഷപാതപരമായി ഇടപെട്ടതിന്റെ പേരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും കുറ്റാരോപിതരായി ലോകായുക്തയുടെ വിധി കാത്തുകിടക്കുമ്പോള്‍, സര്‍ക്കാരിന്റെ പ്രതിഛായ പരിരക്ഷിക്കാനും തങ്ങളുടെ മുഖം പരിക്കേല്‍ക്കാതെ നോക്കാനും ഇത്തരം അഴിമതി നിര്‍മ്മാര്‍ജന സംവിധാനങ്ങളുടെ അധികാരം നിഷ്‌ക്രിയമാക്കലും വായ മുടിക്കെട്ടലും അല്ലാതെ രക്ഷപ്പെടാന്‍ മറ്റൊരു പഴുതുമില്ലെന്ന് ഇടതുപക്ഷ സര്‍ക്കാറിനു നന്നായിയറിയാം. ബന്ധു നിയമനത്തിന്റെ പേരില്‍ പ്രതിയാണെന്നറിഞ്ഞിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടും ഭരണത്തിന്റെ ഹുങ്കില്‍ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലിനെ നിയമപാലകരെ നിരത്തിലിറക്കി സംരക്ഷണവലയം തീര്‍ത്തവരായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ ലോകായുക്തയുടെ വിധിയില്‍ മന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തി രാജിവെച്ചു പുറത്തുപോകേണ്ട ഗതികേട് വന്നപ്പോള്‍ സര്‍ക്കാരിന്റെ മുഖത്തേറ്റ കറുത്തപ്പാടായി പൊതുവെ അതു വിലയിരുത്തപ്പെട്ടു. പ്രളയത്തിന്റെ പേരില്‍ പിരിച്ചെടുത്ത ദുരിതാശ്വാസ ഫണ്ട്, മരിച്ചുപോയ പാര്‍ട്ടി നേതാക്കളുടെ കടം തീര്‍ക്കാനും കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബന്ധുക്കളെ സഹായിക്കാനും വകമാറ്റി ചിലവഴിച്ചെതിന്റെ പേരില്‍ തന്നേയും കണ്ണൂര്‍ വി.സി പുനര്‍ നിയമനത്തില്‍ നിലവിലുള്ള വി.സിയെ തന്നെ നിയമിക്കണമെന്ന് സ്വന്തം ലെറ്റര്‍പേഡിലെഴുതി സ്വജനപക്ഷപാതം കാണിച്ചതിന്റെ പേരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനേയും കുറ്റക്കാരായി ലോകായുക്ത തീര്‍പ്പുകല്‍പ്പിക്കുമെന്നും മറ്റാരേക്കാളും മുഖ്യമന്ത്രി പിണറായി വിജയനും സി.പി. എമ്മിനും നല്ല ബോധ്യവും തിരിച്ചറിവുമുണ്ട്.

1966 ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ഭരണ പരിഷ്‌കാര കമ്മീഷനായിരുന്നു അഴിമതിക്കെതിരായി ഇത്തരമൊരു ബില്ലിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ആദ്യം സമര്‍പ്പിച്ചത്. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളുമെന്ന സംവിധാനമായിരുന്നു ഇതിലൂടെ കമ്മീഷന്‍ മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായാണ് 1998ലെ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത് കേരളത്തില്‍ അഴിമതി നിര്‍മ്മാര്‍ജ്ജന സംവിധാനമായ ലോക് ആയുക്ത (സിവില്‍ കമ്മീഷണര്‍) രൂപംകൊള്ളുന്നത്. ഒരു ലോക് ആയുക്ത, രണ്ടു ഉപ ലോക് ആയുക്തമാര്‍ എന്നിവരടങ്ങിയതാണ് ഈ സംവിധാനം. സ്വീഡന്‍, ഫിന്‍ലാന്റ് ഡെന്‍മാര്‍ക്ക്, നോര്‍വെ തുടങ്ങിയ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ അഴിമതി തടയാന്‍ നടപ്പിലാക്കി വിജയം കണ്ട ഓംബുഡ്‌സ്മാന്‍ മാതൃകയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇത് നിയമമാക്കിയത്. അതിനാല്‍ ഈ നിയമ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ ലോകായുക്തയായി ഹൈക്കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജിയോ ആയി സേവനമനുഷ്ഠിച്ചവരായിരിക്കണം നിയോഗിക്കപ്പെടേണ്ടത് എന്ന നിയമവും നിലവിലുണ്ട്. എന്നാല്‍ ഏതെങ്കിലും ജഡ്ജിയെ തിരെഞ്ഞെടുത്താല്‍ മതിയെന്നാക്കി ഇപ്പോള്‍ അതുഭേദഗതി ചെയ്യുന്നതിലൂടെയും സംസ്ഥാന സര്‍ക്കാരിന്റെ ദുരുദ്ദേശം വളരെ വ്യക്തമാണ്.

തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും നാളിതുവരെ നഗ്‌നമായ നിയമ ലംഘനങ്ങളിലൂടെ നടത്തിയ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും പിന്‍വാതില്‍ നിയമനങ്ങളുടേയും നെറിക്കെട്ടക്കഥകള്‍ മറനീക്കി പുറത്തുവന്നാല്‍ പൊതുജനത്തിനുമുന്നില്‍ പരിഹാസ്യരായി പടിയിറങ്ങേണ്ട ദുരവസ്ഥ ചെറുതല്ലന്നും അതു സാരമായി പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിക്കുട്ടിലാക്കുമെന്നും മുഖ്യമന്ത്രിക്ക് കാലേക്കൂട്ടി അറിയുന്നതു കൊണ്ടുകൂടിയാണ് ലോകായുക്തയുടെ അധികാര പരിധി വെട്ടിച്ചുരുക്കാന്‍ നിയമസഭ സമ്മേളനം ഫെബ്രുവരി പകുതി ചേരുമെന്നുറപ്പുണ്ടായിട്ടും സര്‍ക്കാര്‍ മാന്യമായ ജനാധിപത്യ മാര്‍ഗം അവലംബിക്കാതെ ഒളിച്ചുക്കടത്തി ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണറെക്കൊണ്ട് ഒപ്പുവെക്കാന്‍ തിരക്കുകൂട്ടുന്നതെന്നും ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാം.