kerala

മുനമ്പം പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നവരെ തിരിച്ചറിയണം: ലത്തീന്‍ സഭ

By Lubna Sherin K P

April 12, 2025

മുനമ്പം വിഷയത്തില്‍ മുതലെടുപ്പിനു ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണമെന്ന് ലത്തീന്‍സഭ. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ജീവനാദ’ത്തിന്റെ പുതിയലക്കം മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനം. ഭീഷണി നേരിടുന്ന അറുനൂറിലധികം കുടുംബങ്ങളില്‍ നാനൂറോളവും ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരാണ്. കെസിബിസി അധ്യക്ഷന്‍ മാര്‍ ബസേലി മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ്ലീം പ്രശ്നമാക്കി. കേരളത്തിന്റെ മലയോര, കുടിയേറ്റ മേഖലകളില്‍ ചലനം സൃഷ്ടിക്കാനായതുപോലെ തീരത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാന്‍ മുനമ്പം കളമൊരുക്കുമെന്ന് ഊറ്റം കൊള്ളുന്നവര്‍ പുതുമഴയിലെ ഈയാംപാറ്റകളെപ്പോലെ ഈ കടപ്പുറത്തുതന്നെ അടിഞ്ഞുകൂടുന്നതു കാണാന്‍ എത്രകാലം വേണമെന്നും മുഖപ്രസംഗം ചോദിക്കുന്നു.

ജെപിസിയുടെ ഭേദഗതികള്‍ അടങ്ങിയ ബില്‍ ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജു ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കെസിബിസിയും സിബിസിഐയും ഇറക്കിയ പ്രസ്താവനകള്‍ മുനമ്പത്തെ ‘ക്രൈസ്തവരുടെ പ്രശ്നം’ ഹൈലൈറ്റ് ചെയ്തെന്നും പറയുന്നു. 655 പേജുള്ള ജെപിസി റിപ്പോര്‍ട്ടില്‍ ഒരിടത്തും മുനമ്പം പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. മുന്‍കാല പ്രാബല്യമില്ലാത്തതാണ് വഖഫ് ഭേദഗതി നിയമമെന്ന് അമിത്ഷായും കിരണ്‍ റിജിജുവും ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്നത്തിനു പ്രതിവിധിയായി ബില്ലില്‍ നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് ഹൈബി ഈഡന്‍ എം.പി ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോര്‍ജ് കുര്യനെങ്കിലും ഇക്കാര്യ ത്തില്‍ വ്യക്തത വരുത്തേണ്ടിയിരുന്നു എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.