• നിയമസഭയില്‍ കണക്കുമായി വി.ഡി സതീശന്‍
• വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കേരള കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്‌സും മാനദണ്ഡങ്ങള്‍ മറികടന്ന് കൂടിയ തുകക്ക് തോട്ടങ്ങി വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷം. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ വി.ഡി സതീശനാണ് ആരോപണമുന്നയിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആഗസ്ത്, സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി കോര്‍പറേഷനും കാപ്പെക്‌സും രണ്ടിനങ്ങളിലുള്ള തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
ചട്ടപ്രകാരം മുന്‍കൂട്ടി എഴുതി നല്‍കിയാണ് വി.ഡി സതീശന്‍ ആരോപണമുന്നയിച്ചത്. സതീശന്റെ ആരോപണത്തെ തുടര്‍ന്ന് തോട്ടണ്ടി ഇടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അന്വേഷണം പ്രഖ്യാപിക്കില്ലെന്നും സഭയെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ രക്ഷക്കെത്തി.

j_mercykutty_amma
കശുവണ്ടി കോര്‍പറേഷനില്‍ നാല് ടെണ്ടറുകളിലൂടെ 3900 മെട്രിക്ക് ടണ്‍ ഗിനിബസാവോ തോട്ടണ്ടി വാങ്ങിയതില്‍ 6.87 കോടിയും കാപ്പെക്‌സില്‍ രണ്ട് ടെണ്ടറുകളിലായി 2000 മെട്രിക്ക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 3.47 കോടിയും നഷ്ടമുണ്ടായെന്നാണ് ആരോപണം. 2016 ജൂണ്‍ 17ന് സീബീ കമ്മോഡിറ്റീസ് മെട്രിക് ടണ്ണിന് 1584 യു.എസ് ഡോളര്‍ ക്വാട്ട് ചെയ്ത നല്‍കിയ ടെണ്ടറും പിന്നീട് എക്‌സല്‍ സയന്റിഫിക് നല്‍കിയ 1689 യു.എസ് ഡോളറിന്റെ ടെണ്ടറും കൂടിയ വിലയാണെന്നു പറഞ്ഞ് നിരസിക്കുകയായിരുന്നു. എന്നാല്‍ പത്ത് ദിവസത്തിനകം ഒലാം ഇന്ത്യ എന്ന കമ്പനിയുടെ കൂടിയ തുകയായ 1858 ഡോളര്‍ ക്വാട്ട് ചെയ്ത ടെണ്ടര്‍ സ്വീകരിച്ചു. ഇതോടെ ഒരു കിലോ തോട്ടണ്ടിയുടെ വില 118 രൂപയില്‍ നിന്ന് 124.50 രൂപയായി. 1.82 കോടി രൂപ ഈയിനത്തില്‍ നഷ്ടമായി.
സീബീ കമ്മോഡിറ്റീസ്, എക്‌സല്‍ സയന്റിഫിക് എന്നിവരുടെ ടെണ്ടറും കൂടിയ തുകയാണെന്ന കാരണം പറഞ്ഞ് മടക്കിയ ശേഷം അതേ ഗുണനിലവാരമുള്ള തോട്ടണ്ടി പത്ത് ദിവസത്തിനകം വാങ്ങി. തേഡ് പാര്‍ട്ടി ടെസ്റ്റ് നടത്താതെ പണം നല്‍കി. അതിനു ശേഷം ഗുണനിലവാരം ഉറപ്പാക്കാനുള്ള കട്ടിങ് ടെസ്റ്റ് നടത്തി. 47 പൗണ്ട് ഗുണനിലവാരമുണ്ടെന്ന് പറഞ്ഞ് വാങ്ങിയത് ടെസ്റ്റിന് ശേഷം 43 പൗണ്ടില്‍ കുറവായിരുന്നു. കേടായ അണ്ടിപ്പരിപ്പ് 15 ശതമാനത്തില്‍ കൂടുതലുണ്ടാായിരുന്നുവെന്നും വ്യക്തമായി. ഗിനി ബിസാവോയില്‍ നിന്ന് തോട്ടണ്ടി എത്തിക്കാന്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ വിനായക കൊമേഴ്‌സ്യല്‍ കമ്പനി 1886 ഡോളര്‍ ആയി കാപ്പെക്‌സില്‍ ടെണ്ടര്‍ നല്‍കി. ഇതും കൂടിയ വിലയാണെന്ന് പറഞ്ഞ് നിരസിച്ചു. പിന്നീട് ഇതേ കമ്പനിയില്‍ നിന്ന് ഇതേ നിലവാരമുള്ള തോട്ടണ്ടി 2119 ഡോളര്‍ നിരക്കില്‍ വാങ്ങി. ഈ ഇടപാടു വഴി 1.75 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. തൂത്തുക്കുടി തുറമുഖത്ത് കിടന്നിരുന്ന ഒരേ കണ്‍സൈന്‍മെന്റിന് തന്നെയാണ് ഒരേ കമ്പനി രണ്ടുനിരക്കില്‍ രണ്ടു തവണയായി ടെണ്ടര്‍ നല്‍കിയത്. 54 പൗണ്ട് എന്നു പറഞ്ഞു നല്‍കിയ തോട്ടണ്ടി ഗുണനിലവാര പരിശോധനയില്‍ കണ്ടെത്തിയത് 51 പൗണ്ട് മാത്രം.
രണ്ടു ടെണ്ടറുകള്‍ നല്‍കിയ രണ്ടു കമ്പനികളുടെയും ഡിക്ലറേഷന്‍ ഒരേ ഓഫീസില്‍ ഒരേ കമ്പ്യൂട്ടറില്‍ തയാറാക്കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരേപോലുള്ള തെറ്റുകളാണ് രണ്ട് ടെണ്ടറുകളിലും ഉള്‍പ്പെട്ടിട്ടുള്ളത്. തോട്ടണ്ടി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെടുന്നത് ഒരു ടെണ്ടര്‍ മാത്രമാവാതിരിക്കാനുള്ള തട്ടിപ്പാണിത്. ഇതിനിടെ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ടെണ്ടര്‍ വ്യവസ്ഥയില്‍ പ്രധാനപ്പെട്ട നാല് ഇളവുകള്‍ വരുത്തുകയും ചെയ്തു. പ്രാഥമിക ഗുണനിലവാര പരിശോധന നടത്താന്‍ തോട്ടണ്ടി നല്‍കുന്നവരെ തന്നെ ചുമതല ഏല്‍പിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ ആര്‍. രാജേഷാണ് കാപ്പെക്‌സിന്റെ എം.ഡി സ്ഥാനത്ത് ഇപ്പോഴുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതു സംബന്ധിച്ച വിദഗ്ധ ഏജന്‍സിയായ റിയാബ് തന്നെ ഇദ്ദേഹത്തെ പുറത്താക്കാന്‍ ശിപാര്‍ശ നല്‍കിയിരുന്നെങ്കിലും ഇത് അവഗണിക്കുകയായിരുന്നു.