മലപ്പുറം: വി.ടി ബല്‍റാം എംഎല്‍എക്കെതിരെ ഭീഷണി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്വീകരണ പരിപാടിക്കായി കാല്‍ വെട്ടുമെന്നാണ് എംഎല്‍എക്കെതിരായ ഭീഷണി. കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എംഎല്‍എക്കെതിരെ ഭീഷണി മുഴക്കിയത്.
19ന് കൊണ്ടോട്ടി മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിക്കായി കൊണ്ടോട്ടിയിലെത്തിയാല്‍ കാലുവെട്ടുമെന്നാണ് വീഡിയോയില്‍ പറയുന്നത്.

വീഡിയോയില്‍ പറയുന്നത്:
‘കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ക്ക് ഇന്ന് അതിനുള്ള ആരോഗ്യവും പ്രസ്ഥാനത്തിന്റെ ബലവുമുണ്ട്. ബല്‍റാം ജനിക്കുന്നതിന് മുമ്പ് എ.കെ.ജി ജനിച്ചതിനാലാണ് ബല്‍റാമിന് ഖദര്‍ ധരിച്ച് നടക്കാന്‍ കഴിയുന്നത്. ബല്‍റാം കൊണ്ടോട്ടിയില്‍ വന്നാല്‍ തടയുമെന്നും അതിനെതിരെ കേസ് വന്നാല്‍ ഒരു കുഴപ്പവുമില്ല’, വീഡിയോയില്‍ പറയുന്നു.
എംഎല്‍എക്കെതിരെ ഭീഷണി മുഴക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് കൊണ്ടോട്ടി പരാതി നല്‍കി.