നീലഗിരി: നീലഗിരിയില്‍ ഒരു വര്‍ഷത്തിനിടെ നാലുപേരെ കൊന്ന കടുവയെ പിടികൂടി. 21 ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് മസനഗുഡി വനമേഖലയില്‍ വച്ച് വനംവകുപ്പിന്റെ പ്രത്യേക ദൗത്യസനേയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റ് കാട്ടിലേക്ക് മറഞ്ഞിരുന്നു. തുടര്‍ന്ന് ടി23 എന്നു പേരിട്ടിരിക്കുന്ന കടുവയെ ഇന്ന് മുറിവേറ്റ നിലയിലാണ് കിട്ടിയത്. ഇനി ചെന്നൈക്കടുത്തുള്ള വണ്ടല്ലൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത.

തെപ്പക്കാട് മസിനഗുഡി റോഡിന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയാണ് കടുവയെ വനപാലകര്‍ കണ്ടത്. രണ്ട് തവണ മയക്ക് വെടിവെച്ചെങ്കിലും കടുവ വീണ്ടും കാട്ടിലേക്ക് മറഞ്ഞത് തലവേദന സൃഷ്ടിച്ചിരുന്നു. ഒടുവില്‍ മസിനഗുഡി വനമേഖലയില്‍ കടുവയെ കണ്ടെത്തുകയായിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ 20 അംഗ ദ്രുതകര്‍മ്മ സേനയും തെരച്ചില്‍ സംഘത്തിലുണ്ടായിരുന്നു.

നീലഗിരിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ നാലു പേരെ കൊന്ന കടുവയാണിത്. മുപ്പതിലേറെ വളര്‍ത്തുമൃഗങ്ങളെയും കടുവ പിടികൂടി. കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് തീരുമാനിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു.