ഹൈദരാബാദ്: ടിക്ടോക് വൈറലായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ ആസ്പത്രിയിലെ ഫിസിയോ തെറാപ്പി പരിശീലനത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ടിക്ടോക് ചെയ്തത്. തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളേയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ഇവര്‍ ടിക്ടോക്കില്‍ ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. വെള്ളിയാഴ്ചയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. സിനിമാ ഗാനങ്ങളായിരുന്നു ഇവര്‍ ടിക്ടോക്കില്‍ ചെയ്തത്.

ഹൈദരാബാദിലെ ഗാന്ധി ആസ്പത്രിയിലാണ് ഇവര്‍ പരിശീലനം നടത്തിയിരുന്നത്. വീഡിയോ ഷൂട്ട് ചെയ്തതിന് ഗാന്ധി ആസ്പത്രിയിലെ പരിശീലനത്തില്‍ നിന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളെ കോളജുകളിലേക്ക് തിരിച്ചയച്ചതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം, ഇവര്‍ രണ്ടുപേരും മെഡിക്കല്‍ വിദ്യാര്‍ഥികളല്ലെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് വ്യത്യസ്ത കോളജുകളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് വീഡിയോകളാണ് ഇവര്‍ ആസ്പത്രിക്കുള്ളില്‍വെച്ച് ഷൂട്ട് ചെയ്തിരിക്കുന്നത്.