വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ സി.ഇ.ഒ കെവിന്‍ മേയര്‍ രാജിവെച്ചു. ഇന്ത്യയിലെ വിലക്കിന് പിന്നാലെ ചൈനീസ് ബന്ധമാരോപിച്ച് അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കാനിരിക്കെയാണ് കെവിന്റെ രാജി.

‘ഏറെ ഹൃദയവേദനയോടെയാണ് ഞാന്‍ ഈ വിവരം നിങ്ങളെ അറിയിക്കുന്നത്. ടിക് ടോക്കിന്റെ ഔദ്യോഗിക പദവിയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുന്നു’- എന്നാണ് കെവിന്‍ ജീവനക്കാരെ അറിയിച്ചത്. കെവിന് പകരം വനേസ പപ്പാസിനെ ഇടക്കാല സി.ഇ.ഒ ആയി നിയമിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസ്നിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് കെവിന്‍ മേയര്‍. തുടര്‍ന്നാണ് അദ്ദേഹം ടിക് ടോക്കിന്റെ ഭാഗമാകുന്നത്.

ചൈനയിലെ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വൈറല്‍ വീഡിയോ ആപ്പായ ടിക് ടോക്ക്, ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് നിരോധിക്കുന്നതെന്നാണ് യു.എസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതിവേഗം വളരുന്ന സോഷ്യല്‍ മീഡിയ ശൃംഖലയായ ടിക് ടോക്കിന്റെ നിരോധനം നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ തടയാന്‍ ടിക് ടോക്ക് ഫെഡറല്‍ ജഡ്ജിനോട് ആവശ്യപ്പെട്ടതിന് ശേഷമാണ് മേയറുടെ പടിയിറക്കം.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക്ക് ടോക്കും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും തങ്ങളുടെ ആപ്പുകള്‍ ദേശീയ സുരക്ഷാ ഭീഷണിയാണെന്ന വാദം നിരസിച്ചിട്ടുണ്ട്.യുഎസില്‍ ടിക് ടോക്കുമായി ചേര്‍ന്ന് ബിസിനസ്സ് ചെയ്യുന്നത് വിലക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ടിക്ക് ടോക്കും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സും ലോസ് ഏഞ്ചല്‍സിലെ ഫെഡറല്‍ കോടതിയില്‍ തിങ്കളാഴ്ച കേസ് ഫയല്‍ ചെയ്തിരുന്നു.

ആപ്പ് ഉപയോഗിക്കുന്ന യു.എസിലെ ഓരോരുത്തരുടെയും സ്വകാര്യത സംരക്ഷിക്കാന്‍ മാത്രമേ തങ്ങള്‍ ശ്രമിച്ചിട്ടുള്ളുവെന്നും ടിക് ടോക്ക് മേധാവികള്‍ പറഞ്ഞിരുന്നു.

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെയാണ് ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത്. 20 കോടിയിലധികം ഉപയോക്താക്കളുള്ള ഇന്ത്യയിലെ നിരോധനം വന്‍ സാമ്പത്തിക നഷ്ടമാണ് ചൈനീസ് കമ്പനിക്ക് വരുത്തുക എന്നാണ് വിദഗ്ധരുടെ അഭിപ്രായം.