ചെന്നൈ: തിരുപ്പതി എംപി ബല്ലി ദുര്‍ഗ പ്രസാദ് റാവു കോവിഡ് ബാധിച്ച് മരിച്ചു. കുടുംബാംഗങ്ങളാണ് ഈ കാര്യം പുറത്ത് വിട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 64 കാരനായ ഇദ്ദേഹം കോവിഡ് ബാധിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1985, 1994, 1999, 2009 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലു തവണ നെല്ലൂര്‍ ജില്ലയിലെ ഗുദൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍സിപിയില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 1996-98 കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ ഇദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.