കുരുമുളക്, സ്വര്‍ണ്ണം വില കഴിഞ്ഞ ആഴ്ച ഉയര്‍ന്നു. റബര്‍ വിലയില്‍ വലിയ കുറവനുഭവപ്പെട്ടു. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. തേയിലയുടെ വിവിധയിനങ്ങള്‍ക്ക് വില കയറിയിറങ്ങി നിന്നു. കുരുമുളക് വില ക്വിന്റലിനു 500 രൂപയാണ് കൂടിയത്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 40,200 രൂപയില്‍ നിന്ന ് 40,700 രൂപയായും ഗാര്‍ബിള്‍ഡ് കുരുമുളക് 42,200 രൂപയില്‍ നിന്ന് 42,700 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ ഡിസംബര്‍ 5ന് മിനിമം ഇംപോര്‍ട്ട് പ്രൈസ് പ്രഖ്യാപിച്ചതിനു ശേഷം വില കയറിയിറങ്ങി നില്‍ക്കുകയാണ്.

എന്നാല്‍ ഇറക്കുമതി കുരുമുളക് ധാരാളമായി ഇപ്പോഴുമെത്തുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നുമുള്ള കുരുമുളകാണ് ഇപ്പോള്‍ കൂടുതലായി എത്തുന്നത്. നേരത്തെ കുരുമുളക് കയറ്റി അയച്ചവരില്‍ പലരും അനുകൂല സാഹചര്യം മുതലെടുത്ത് ഇറക്കുമതിക്കാരായി മാറിയിട്ടുണ്ട്്. കേരളത്തിലെ കുരുമുളക് കൃഷിക്കാരെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഇറക്കുമതി നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈകൊള്ളാന്‍ കേന്ദ്ര ഗവ.ന് ഇപ്പോഴും സാധിച്ചിട്ടില്ല. വിയറ്റ്‌നാമില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് തടയിടാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകള്‍ പൊളിച്ചെഴുതണമെന്ന ആവശ്യമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില 6825 ഡോളറില്‍ നിന്ന് 6800 ഡോളറായി കുറഞ്ഞു. വിയറ്റ്‌നാം 3000 ഡോളറിനാണ് കുരുമളക് വില്‍ക്കുന്നത്. ഫെബ്രുവരി പകുതിയാവുമ്പോള്‍ 2900 ഡോളറിന് കൊടുക്കാനും അവര്‍ തയ്യാറാണ്. ബ്രസീല്‍ 4000 ഡോളറിനാണ് മുളക് ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ അവര്‍ക്ക് ചരക്കില്ല. ഇന്തോനേഷ്യ 4500 വരെ ഡോളറിനും ശ്രീലങ്ക 4700 ഡോളറിനും കുരുമളക് നല്‍കാന്‍ തയ്യാറായി രംഗത്ത് വന്നിട്ടുണ്ട്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കുരുമുളക് വരവ് കുറഞ്ഞു.

വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. മില്ലിംഗ് വെളിച്ചെണ്ണ 20,000 രൂപയും റെഡി വെളിച്ചെണ്ണ ് 19,200 രൂപയും എന്ന നിലവാരത്തില്‍ തുടര്‍ന്നു. കൊപ്ര വില 13,900 രൂപയാണ്. വെളിച്ചെണ്ണ വിലയില്‍ ഇനിയും വലിയ ഉയര്‍ച്ച പ്രതീക്ഷിക്കുന്നില്ല. റബര്‍ വില കുറഞ്ഞു. ആര്‍.എസ്സ്.എസ്സ്.നാല് 12,750 രൂപയില്‍ നിന്ന് 12,350 രൂപയായും ആര്‍.എസ്സ്.എസ്സ്. അഞ്ച് 12,200 രൂപയില്‍ നിന്ന് 11,800 രൂപയായും കുറഞ്ഞു. അവധി കച്ചവടക്കാര്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് വില കുറയ്ക്കുകയാണുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്കില്‍ 110 രൂപയും ടോക്യോയില്‍ 113 രൂപയും ചൈനയില്‍ 123 രൂപയുമാണ് വില. ഫെബ്രുവരി മുതല്‍ ഓഫ് സീസണ്‍ ആവുന്നതോടെ വിപണിയില്‍ ഷീറ്റുകളുടെ വരവ് കുറയും. കൊച്ചിയില്‍ 150 ടണ്‍ കച്ചവടം നടന്നപ്പോള്‍ കമ്പനിക്കാര്‍ 1500 ടണ്‍ വാങ്ങി.

സ്വര്‍ണ്ണ വില പവന് 22,280 രൂപയില്‍ നിന്ന് 240 രൂപ വര്‍ധിച്ച്് 22,520 രൂപയിലെത്തി. അന്താരാഷ്ടവിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്. ഒരു ഔണ്‍സ്് സ്വര്‍ണ്ണത്തിന്റെ വില അവിടെ 1333.33 ഡോളറില്‍ നിന്ന്് 1347.48 ഡോളറായി ഉയര്‍ന്നു.

തേയില ലേലത്തില്‍ ഓര്‍ത്തോഡക്‌സ് ഇലത്തേയില 1,86,000 കിലോയാണെത്തിയത്. ചിലയിനങ്ങള്‍ക്ക് മാത്രം 2 രൂപ കൂടി. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 230 രൂപ മുതല്‍ 275 രൂപ വരെ. ഹൈഗ്രോണ്‍ ഫാനിംഗ്‌സ് 185-198 , മീഡിയം ബ്രോക്കണ്‍ 96-104, മീഡിയം ഫാനിംഗ്‌സ് 86-91.
സി.ടി.സി.ഇലത്തേയില 64,000 കിലോ. 3 രൂപ കൂടി. ബെസ്റ്റ് ബ്രോക്കണ്‍ 115-123, ബെസ്റ്റ് ഫാനിംഗ്‌സ് 97-102, മീഡിയം ബ്രോക്കണ്‍ 85-90, മീഡിയം ഫാനിംഗ്‌സ് 78-83. ഓര്‍ത്തോഡക്‌സ് പൊടിത്തേയില 8,0000 കിലോ. 2 രൂപ കുറഞ്ഞു. മീഡിയം ബി.ഒ.പി. ഡസ്റ്റ് 90-95, ഫൈബ്രഡ് ടൈപ്പ് 60-65 സി.ടി.സി.പൊടിത്തേയില 9,30,000 കിലോ. വില സ്റ്റെഡിയാണ്. ബെസ്റ്റ് സൂപ്പര്‍ ഫൈന്‍ 138-155, ബെസ്റ്റ്് റെഡ് ഡസ്റ്റ് 131-139, കടുപ്പമുള്ള ഇടത്തരം 115-121, കടുപ്പം കുറഞ്ഞ ഇടത്തരം 105-112, താണയിനം 85-92