ദോഹ: ഉപരോധത്തെതുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എ.ഇക്കെതിരെ യു.എന്നിന്റെ ഉയര്‍ന്ന കോടതിയില്‍ നല്‍കിയ കേസില്‍ ഖത്തറിന് അനുകൂലമായ ഉത്തരവ്. യുഎഇയുടെ നിയമവിരുദ്ധ, അനധികൃത നടപടികള്‍ക്കെതിരെ ഹേഗിലെ രാജ്യാന്തരക്കോടതിയെയാണ് ഖത്തര്‍ സമീപിച്ചത്. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. ഖത്തറും യുഎഇയും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
ഹേഗിലെ പീസ് പാലസില്‍ ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു വിധിപ്രസ്താവം. യു.എ.ഇയില്‍ കഴിയുന്ന ഖത്തരി കുടുംബങ്ങള്‍ക്ക് പരസ്പരം കാണാനും കുടുംബബന്ധം പൂര്‍വസ്ഥിതിയിലാക്കാനുമുള്ള അവസരം ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലുമുള്ള മിശ്ര കുടുംബങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതാണ് കോടതിയുടെ ഉത്തരവ്. കുടുംബങ്ങളുടെ പുനസമാഗമത്തിനായുള്ള നടപടികള്‍ സ്വീകരിക്കണം. ഖത്തറിലുള്ളവര്‍ക്ക് ഉപരോധ രാജ്യങ്ങളായ ബഹ്‌റൈന്‍, യു.എ.ഇ, സഊദി രാജ്യങ്ങളില്‍ നിരവധി കുടുംബബന്ധങ്ങളുണ്ട്. യുഎഇയില്‍ നിരവധി ഖത്തരികള്‍ താമസിച്ചുപോരുന്നു.
കരയും കടലും വ്യോമപാതയും അടച്ചുള്ള ഉപരോധമായതിനാല്‍ ഇത്തരക്കാര്‍ക്ക് പരസ്പരം കാണാനോ സന്ദര്‍ശിക്കാനോ സാധിക്കുന്നില്ല. ഇതിനു പരിഹാരം കാണേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും കോടതി പരിഗണിച്ചു.
ഖത്തരികളായ വിദ്യാര്‍ഥികളുടെ പഠനം തുടരാന്‍ ആവശ്യമായ നടപടികള്‍ യുഎഇ സ്വീകരിക്കണം. യുഎഇയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ പഠനസഹായങ്ങളും ആ രാജ്യം നല്‍കണം. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തടസങ്ങള്‍ ഇല്ലാതെ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയും വേണം. യു.എ.ഇയിലെ നിയമസംവിധാനങ്ങള്‍ മറ്റാരെയും പോലെ ഖത്തരികള്‍ക്കും ലഭ്യമാക്കണം. നീതിന്യായ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.കോടതിയുടെ ഉത്തരവിനെ വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്‍ഖാതിര്‍ സ്വാഗതം ചെയ്തു.
ദീര്‍ഘ യാത്രയുടെ ആദ്യ ചുവടുവയ്പ്പു മാത്രമാണിതെന്ന് അവര്‍ പ്രതികരിച്ചു. ഖത്തരികള്‍ക്കെതിരെ ഏകപക്ഷീയവും തെറ്റായതുമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളോടു യാതൊരു അനുഭാവവുമുണ്ടാകില്ലെന്നതിന്റെ ശക്തമായ സൂചനയാണ് ഉത്തരവെന്നും അവര്‍ വിശദീകരിച്ചു. കോടതി നടത്തിയ ഇടക്കാല ഉത്തരവിലാണ് ഖത്തറിന്് അനുകൂലമായ വിധിപ്രസ്താവമുണ്ടായിരിക്കുന്നത്.

കേസില്‍ ഖത്തര്‍ ഉയര്‍ത്തിയ പ്രധാനവാദങ്ങള്‍ക്കെല്ലാം അംഗീകാരം ലഭിച്ചുവെന്നതാണ് കോടതിവിധിയില്‍ നിന്നും വ്യകതമാകുന്നതെന്ന് രാജ്യാന്തര വാര്‍ത്താഏജന്‍സികളും നയതന്ത്രവിദഗ്ദ്ധരും വിലയിരുത്തുന്നത്. കോടതിയുടെ പ്രസിഡന്റ് ജഡ്ജ് അബ്ദുല്‍ഖാവി അഹമ്മദ് യൂസുഫ് വിധിപ്രസ്താവം വായിക്കും. കേസിന്റെ വിചാരണയില്‍ ഡോ. മുഹമ്മദ് അബ്ദുല്‍അസീസ് അല്‍ഖുലൈഫിയാണ് ഖത്തറിന്റെ വാദമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിചാരണക്കിടയില്‍ യുഎന്‍ കോടതി യുഎഇയോട് ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
വിധിപുറപ്പെടുവിച്ചശേഷം ഇരു കൂട്ടര്‍ക്കും അപ്പീല്‍ അനുവദിക്കില്ലെന്ന് കോടതി വക്താവ് സ്റ്റീഫന്‍ റാക്കനോവ നേരത്തെ പ്രതികരിച്ചിരുന്നു. യുഎഇയില്‍ താമസിക്കുന്ന ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഭയത്തിന്റേതായ കാലാവസ്ഥ യുഎഇ പ്രചരിപ്പിക്കുന്നുണ്ടെന്നും അതവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും ഖത്തര്‍ രാജ്യാന്തരകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. യുഎഇയില്‍ ഇപ്പോഴും താമസിക്കുന്ന നിരവധി ഖത്തരികള്‍ ഭയത്തോടെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന് പ്രമുഖ ബ്രിട്ടീഷ് ബാരിസ്റ്റര്‍ പീറ്റര്‍ ഗോള്‍ഡ്‌സ്മിത്തും ദോഹയ്ക്കായി കോടതിയില്‍ വ്യക്തമാക്കി. യുഎഇയുടെ പുറത്താക്കല്‍ ഉത്തരവിന്റെ നിഴലിലാണ് നിരവധിപേര്‍ അവിടെ ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തരികളെ സഹായിക്കാനാണെന്ന പേരില്‍ യുഎഇ സ്ഥാപിച്ച ഹെല്‍പ്പ്‌ലൈനുകള്‍ അബുദാബി പോലീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ ഈ ഹോട്ട്‌ലൈനുകളില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ഇവര്‍ ഭയക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. യുഎഇയിലേക്കുള്ള യാത്രകള്‍ക്ക് ഖത്തരികള്‍നേരിടുന്ന പ്രതിബന്ധങ്ങള്‍, തടസങ്ങള്‍, ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും തെളിവുകള്‍ സഹിതം അദ്ദേഹം സമര്‍ഥിച്ചു.