ഗാസിയാബാദ്: ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവതികള്‍ക്ക് പിഴയിട്ട് പൊലീസ്. യുവതികളുടെ അഭ്യാസപ്രകടനം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയിട്ടത്.

ബൈക്ക് ഓടിക്കുന്ന യുവതിയുടെ തോളില്‍ മറ്റൊരു യുവതി ഇരുന്ന് അഭ്യാസപ്രകടനം നടത്തുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. വന്‍തോതില്‍ വിഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്.

ഗുസ്തിക്കാരിയായ സ്‌നേഹ രഘുവന്‍ശിയാണ് ബൈക്ക് ഓടിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ ശിവാങ്കി ദബാസ് ഇവരുടെ തോളില്‍ കയറിയിരുന്ന് അഭ്യാസ പ്രകടനം നടത്തുകയും ചെയ്യുകയായിരുന്നു. ഇരുവര്‍ക്കും എതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

സ്‌നേഹ രഘുവന്‍ഷിയുടെ മാതാവ് മഞ്ജു ദേവിക്ക് 11,000 രൂപയുടെയും ബൈക്കിന്റെ ഉടമസ്ഥനായ സഞ്ജയ് കുമാറിന് 17,000 രൂപയുടെയും ചലാന്‍ അയക്കുകയായിരുന്നു. സ്‌നേഹക്കും ശിവാങ്കിക്കും ലേണേഴ്‌സ് ലൈസന്‍സ് മാത്രമാണുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.