ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ 48 മണിക്കൂര്‍ ഓടിനടന്ന മുസ്്‌ലിം ഡോക്ടര്‍ നവീദ് യാസീന് ഒടുവില്‍ കേള്‍ക്കേണ്ടിവന്നത് വംശീയാധിക്ഷേപം. 37കാരനായ യാസീന്‍ ആസ്പത്രിയിലേക്ക് പോകും വഴിയാണ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ ദുരന്ത സ്ഥലത്ത് സമയം ചെലവിട്ടത്. അതിനുശേഷം തുടര്‍ ചികിത്സക്കായി സല്‍ഫോര്‍ഡ് റോയല്‍ ആസ്പത്രിയിലേക്ക് പോകുന്ന വഴി മധ്യേ മധ്യവയസ്‌കനായ ഒരാള്‍ ഭീകരവാദിയെന്ന് ആക്രോശിച്ച് യാസീനെ അധിക്ഷേപിച്ചു. പാക് ഭീകരവാദിയെന്നാണ് അയാള്‍ ഡോക്ടറെ വിശേഷിപ്പിച്ചത്. സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണമെന്നും അയാള്‍ യാസീനോട് ആവശ്യപ്പെട്ടു. തന്റെ ത്വക്കിന്റെ നിറമാണ് മധ്യവയസ്‌കനെ മുന്‍ധാരണക്ക് പ്രേരിപ്പിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. സല്‍ഫോര്‍ഡ് റോയല്‍ ആസ്പത്രിയില്‍ ട്രോമ ആന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് അദ്ദേഹം. വെസ്റ്റ് യോക്‌ഷെയറിലെ ട്രോഫോഡില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പമാണ് യാസീന്‍ താമസിക്കുന്നത്.