അഗര്‍ത്തല: ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്ന അമ്പതിനാലുകാരന്‍ അറസ്റ്റില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണ് അറസ്റ്റിലായ മനോജ്. ഇയാള്‍ നാല് തവണയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അഗര്‍ത്തലയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ചാംപ്ലൈയിലുള്ള ഇയാളുടെ ഫാം ഹൗസില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

പീഡിപ്പിച്ചതിന് ശേഷം ഈ വിവരം പുറത്തു പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 11 നാണ് മനോജ് ആദ്യമായി പീഡിപ്പിച്ചതെന്നും പിന്നീട് ഭീഷണിപ്പെടുത്തി മൂന്ന് തവണ ബലാത്സംഗം ചെയ്തുയെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പോക്‌സോ ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തും അനുയായിയുമായ ഇയാള്‍ക്ക് ഭരണതലത്തില്‍ വലിയ പിടിപാടുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.മനോജ് ദേബിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കോവൈ പൊലീസ് സൂപ്രണ്ട് കൃഷ്‌ണേന്ദു ചക്രവര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.