തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിന് സമീപം വാടകവീട്ടില്‍ പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ ഒമ്പതുപേര്‍ പിടിയില്‍. കുമാരപുരം സ്വദേശി ബാലു(50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു(24), പോത്തന്‍കോട് സ്വദേശി സച്ചിന്‍(21), വിഴിഞ്ഞം സ്വദേശി ഇന്‍ഷാദ്(22), വെങ്ങാനൂര്‍ സ്വദേശി മനോജ്(24), പ്ലാമൂട് സ്വദേശി അനന്തു(21), പൗഡിക്കോണം സ്വദേശി അമല്‍(26) എന്നിവരും ശംഖുംമുഖം, പൂന്തുറ എന്നിവിടങ്ങളിലുള്ള രണ്ട് സ്ത്രീകളുമാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്.

ഇതില്‍ ബാലുവും വിജയ് മാത്യുവും പ്രധാന നടത്തിപ്പുകാരാണെന്നും പിടിയിലായ സ്ത്രീകള്‍ ഇവരുടെ സഹായികളാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പറഞ്ഞു. ‘ലോക്കാന്റോ’ എന്ന സൈറ്റുവഴി ഓണ്‍ലൈനായാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. ആര്‍സിസിയിലെ രോഗികള്‍ക്ക് മുറി വാടകയ്ക്കു കൊടുക്കാനെന്ന വ്യാജേന മെഡിക്കല്‍ കോളജിന് സമീപം എട്ടു മുറികളുള്ള രണ്ടു നില വീട് വാടകക്കെടുത്താണ് പെണ്‍വാണിഭം നടത്തിവന്നത്.

സംഘം ഇടപാടുകരോട് മെഡിക്കല്‍കോളജ് ജംഗ്ഷനില്‍ എത്തിയ ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും സംഘാംഗങ്ങള്‍ വന്നു അവരെ കൂട്ടികൊണ്ട് പോകുകയുമാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ റെയ്ഡില്‍ 80,900 രൂപയും കണ്ടെടുത്തു.

സൈബര്‍ സിറ്റി അസി.കമ്മീഷണര്‍ അനില്‍കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ഹരിലാല്‍, എസ്. ഐ പ്രശാന്ത്, പോലീസുകാരായ രഞ്ജിത്ത്, പ്രതാപന്‍, വിനീത്, സിനി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.