വാഷിങ്ടണ്‍: ഭീഷണികളും വെല്ലുവിളികളുമായി അമേരിക്കയും ഇറാനും വാക്‌പോരാട്ടം തുടങ്ങി. അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. മേലില്‍ അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുത്. അത് തുടര്‍ന്നാല്‍ ചരിത്രത്തിലുടനീളം വളരെ ചുരുക്കമായി അനുഭവിച്ചിട്ടുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. അക്രമങ്ങളെയും മരണങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ വാക്കുകള്‍ കേട്ടിരിക്കുന്ന രാജ്യമായി തുടരാന്‍ ഇനി ഞങ്ങളില്ല. കരുതിയിരിക്കുക്കുക -ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയുമായി സൗഹൃദത്തിനുള്ള വാതില്‍ തുറന്നിട്ടുകൊണ്ടാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ഇറാനുമായുള്ള സമാധാനം എല്ലാ സമാധാനങ്ങളുടെയും മാതാവാണെന്ന കാര്യം അമേരിക്ക മനസ്സിലാക്കണമെന്നും റൂഹാനി ഓര്‍മിപ്പിച്ചിരുന്നു. ആണവകരാറില്‍ നിന്ന് പിന്മാറുകയും ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുകയും ചെയ്തതിനെ തുടുര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകയാണ്.