News

എത്രയും വേഗം മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കണം; ഹമാസിന് ട്രംപിന്റെ ഭീഷണി

By webdesk18

March 06, 2025

മുഴുവന്‍ ഇസ്രാഈലി ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിന് ട്രംപിന്റെ ഭീഷണി. ഹമാസുമായി യുഎസ് നേരിട്ട് ചര്‍ച്ചയാരംഭിച്ചതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അന്ത്യശാസന മുഴക്കിയത്. 1997 മുതല്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തുന്നത്. ബദല്‍ ഗസ്സ പദ്ധതി സംബന്ധിച്ച് അറബ് രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുകയാണ

ഇത് അവസാന മുന്നറിയിപ്പാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ ഭീഷണി. അതേസമയം, ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തിയെന്ന മാധ്യമവാര്‍ത്തകള്‍ അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തു. ഇരുപക്ഷവും തമ്മില്‍ ചര്‍ച്ചയും കൂടിയാലോചനയും തുടരുന്നതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രതികരിച്ചു. ദോഹയില്‍ ഹമാസുമായി നടന്ന ചര്‍ച്ചകള്‍ ഇസ്രാഈലിന് അറിവുള്ളതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഹമാസ് പിടിയിലുള്ള യുഎസ് ബന്ദി ഇദാന്‍ അലക്‌സാണ്ടറിന്റെ മോചനത്തിനും കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുമാണ് ചര്‍ച്ച. അതേസമയം അവശേഷിച്ച മുഴുവന്‍ ബന്ദികളുടെയും മോചനം ഉറപ്പാക്കുന്നതിനു പകരം യുഎസ് പൗരനെ മാത്രം വിട്ടുകിട്ടാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്രാഈലിലെ ബന്ദികളുടെ ബന്ധുക്കള്‍ പറഞു. അമേരിക്കന്‍ നീക്കം തങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ബദല്‍ ഗസ്സ പദ്ധതി സംബന്ധിച്ച് അറബ് രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുകയാണ്. കൈറോയില്‍ ചേര്‍ന്ന അറബ് നേതൃയോഗം അംഗീകരിച്ച ഗസ്സ ബദല്‍ പദ്ധതി അമേരിക്കക്കു മുമ്പാകെ അവതരിപ്പിക്കാനുള്ള നീക്കം ശക്തമായി. ഫലസ്തീനികളെ പുറന്തള്ളാതെ അഞ്ചു വര്‍ഷം കൊണ്ട് 5300 കോടി ഡോളര്‍ ചെലവില്‍ ഗസ്സ പുനര്‍നിര്‍മാണം ലക്ഷ്യമിടുന്ന പദ്ധതിക്ക് യുഎസ് പിന്തുണ നേടിയെടുക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് അറബ് ലീഗ്. അടുത്ത ദിവസം മേഖല സന്ദര്‍ശിക്കുന്ന യുഎസ് പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫിനു മുമ്പാകെയാകും അറബ് നേതാക്കള്‍ പദ്ധതി വിശദീകരിക്കുക. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഗസ്സയിലെ മാനുഷിക ദുരന്തം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് യുനിസെഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.