കൊച്ചി: എറണാകുളത്ത് സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കോയമ്പത്തൂരില്‍ നിന്ന് സംഘത്തെ പിടികൂടുന്നത്. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട ഇവരെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പിടികൂടുന്നത്.

മുഖ്യപത്രി പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
സംഭവ സമയം നടിയുടെ കാര്‍ ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണിയെയാണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ഇയാളില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ഇയാളും പള്‍സര്‍ സുനിയും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് വിലയിരുത്തല്‍.

സംഭവത്തില്‍ ഏഴ് പ്രതികളുള്ളതായാണ് പൊലീസ് പറയുന്നത്. സംഘം സഞ്ചരിച്ചിരുന്ന വാന്‍ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം അരങ്ങേറിയത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നടിയെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം നടി സഞ്ചരിച്ചിരുന്ന കാറില്‍ ഇടിപ്പിക്കുകയും തുടര്‍ന്ന് നടിയുടെ കാറിലേക്ക് ഇരച്ചുകയറുകയും ഉപദ്രവിക്കുകയുമായിരുന്നു.