Culture

മലപ്പുറം പ്രസ് ക്ലബ് ആക്രമിച്ച് ‘ചന്ദ്രിക’ ഫോട്ടോഗ്രാഫറെ മര്‍ദിച്ച സംഭവം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By chandrika

May 04, 2018

മലപ്പുറം: മലപ്പുറത്ത് പ്രസ് ക്ലബ് ആക്രമിച്ച് ‘ചന്ദ്രിക’ ഫോട്ടോഗ്രാഫര്‍ ഫുഹാദിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് രണ്ടു ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് മലപ്പുറം പ്രസ് ക്ലബ് ആക്രമിച്ച ശേഷം ഫുഹാദിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ആര്‍.എസ്.എസ് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയെന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫുഹാദിനെ മര്‍ദിച്ചത്. ഫുഹാദിന്റെ ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി.

മഞ്ചേരി റോഡില്‍ നിന്ന് കുന്നുമ്മല്‍ ഭാഗത്തേക്ക് വന്ന ആര്‍എസ്എസ് പ്രകടനത്തിനിടെ ഗതാഗത കുരുക്കുണ്ടായപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ തറയില്‍ ഫവാസ് പ്രകടനക്കാര്‍ക്ക് സമീപത്തു കൂടെ പോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായവര്‍ ഫവാസിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുകയായിരുന്നു. കഴുത്തില്‍ പിടിച്ച് തള്ളുകയും മര്‍ദിക്കുകയും ചെയ്തു. ഈ സമയം പ്രസ് ക്ലബിലുണ്ടായിരുന്ന ഫുവാദ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാനും പേര്‍ പാഞ്ഞടുത്ത് ചവിട്ടുകയും മൊബൈല്‍ പിടിച്ചു വാങ്ങി പോവുകയായിരുന്നു. കോട്ടപ്പടിയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഫവാസിനെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടക്കുമ്പോള്‍ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണ് പ്രകടനത്തോടൊപ്പം ഉണ്ടായിരുന്നത്.