കോഴിക്കോട്: ദേശപുരാവൃത്തങ്ങളെ മലയാള സാഹിത്യത്തില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരന്‍ യുഎ ഖാദര്‍ (85) അന്തരിച്ചു. കുറച്ചുകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

തൃക്കോട്ടൂര്‍ കഥകള്‍, ഒരു പിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുല്‍ത്താന, കളിമുറ്റം, ചെമ്പവിഴം, ഖുറൈഷികൂട്ടം, അനുയായി തുടങ്ങി അമ്പതിലധികം കൃതികളുടെ കര്‍ത്താവാണ്.

1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്ത് മൊയ്തീന്‍ കുട്ടി ഹാജി, മാമെദി ദമ്പതികള്‍ക്ക് ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു എ ഖാദര്‍ ജനിച്ചത്. മാതാവ് ബര്‍മ്മക്കാരിയും പിതാവ് കേരളീയനുമാണ്. ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവ് വസൂരി പിടിപെട്ട് മരിച്ചു.

പിന്നാലെ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വേളയില്‍ ഖാദറും കുടുംബവും ബര്‍മയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഏഴാം വയസ്സില്‍ യു എ ഖാദര്‍ പിതാവിനോടൊപ്പം കേരളത്തിലെത്തി. പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ എത്തുകയും മലയാളിയായി വളരുകയും ചെയ്തു.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആര്‍ട്ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടി. മദ്രാസില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ. എ. കൊടുങ്ങല്ലൂര്‍, സി. എച്ച്. മുഹമ്മദ് കോയ തുടങ്ങിയവരുമായി ബന്ധം പുലര്‍ത്തി. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. സി. എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകലസഖി എന്ന കൃതി വായിക്കുവാന്‍ നല്‍കിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്.

1952ല്‍ അച്ചടിച്ചു വന്ന വിവാഹ സമ്മാനമാണ് ആദ്യ കഥ. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ് കഥ പ്രസിദ്ധീകൃതമായത്.

ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990-ലാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചത്.

‘തൃക്കോട്ടൂര്‍ പെരുമ’യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഉപാധ്യക്ഷനുമായിരുന്നു.