ദുബൈ: ദുബൈയില്‍ താമസിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരന്‍ കാര്‍ നമ്പറിനായി മുടക്കിയ തുക എത്രയെന്നറിയുമോ?  33 മില്യണ്‍ ദിര്‍ഹം അതായത് 60 കോടി രൂപ. പുതുതായി വാങ്ങിയ റോള്‍സ് റോയ്‌സ് കാറിനാണ് പ്രോപര്‍ട്ടി മാനേജ്‌മെന്റ് കമ്പനി നടത്തുന്ന ബല്‍വിന്ദര്‍ സഹാനി ഇത്രയും തുക മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ഡി5 എന്നാണ് ഫാന്‍സി നമ്പര്‍. ശനിയാഴ്ചയായിരുന്നു ലേലം നടന്നത്. അതേസമയം 1 മില്യണ്‍ ദിര്‍ഹം മുടക്കി മറ്റൊരു ഫാന്‍സി നമ്പറും ഇയാള്‍ സ്വന്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇയിലെ ഫേന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തില്‍ കടുത്ത മത്സരമാണ് നടക്കാറുള്ളത്. ചെറുനമ്പറുകള്‍ അന്തസ്സിന്റെ ചിഹ്നമായി യുഎഇയിലെ സമ്പന്നര്‍ കരുതുന്നു. 2008ല്‍ ബിസിനസ്സുകാരനായ സയീദ് അല്‍ ഖൗരി എന്നയാള്‍ അബുദാബി ലൈസന്‍സ് പ്ലേറ്റ് 52.2 മില്യണ്‍ ദിര്‍ഹത്തിന് സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.

25