X

ട്വന്റി 20 പ്രതീക്ഷയില്‍ യു.ഡി.എഫ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വോട്ടര്‍മാരെ വെട്ടിനിരത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാരസമിതിയോഗത്തിന്റെ തീരുമാനം. ഒഴിവാക്കപ്പെട്ടവരെകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തിപരമായി പരാതി നല്‍കിപ്പിക്കാനാണ് തീരുമാനമെന്ന് യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്നണി ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ സംസ്ഥാന ഭരണകൂടം ആസൂത്രിതമായി ശ്രമിച്ചെങ്കിലും 20 ല്‍ 20 സീറ്റും യു.ഡി.എഫ് ജയിക്കുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് യോഗം വിലയിരുത്തി. വ്യക്തിപരമായി പരാതി നല്‍കുന്നതിന് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെ സഹായിക്കാന്‍ ജില്ലാ ഘടകങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് പത്തുലക്ഷം പേരെ സി.പി.എം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിച്ച് വെട്ടിമാറ്റിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിരുന്നു. എന്നാല്‍ വ്യക്തിപരമായി പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നീങ്ങാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമേ പട്ടികയില്‍ നിന്ന് ഒഴിവാക്കാവു. അല്ലാതെ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്. ഇത്തരത്തില്‍ കൂട്ടത്തോടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുന്ന സംഭവം കേരളത്തില്‍ നേരത്തെ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് സി.പി.എം ശ്രമം നടത്തിയത്. മുന്ന് പേരൊഴിച്ച് ഇടതുപക്ഷ ഉദ്യോഗസ്ഥരായിരുന്നു വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാനത്ത് ഉണ്ടായ ഭരണവിരുദ്ധവികാരം ഭയന്നാണ് സര്‍ക്കാര്‍ ഇത് ചെയ്തത്. നോട്ടീസ് നല്‍കാതെ പേര് നീക്കം ചെയ്യപ്പെട്ടവരെല്ലാം പരാതി നല്‍കണമെന്നും യു.ഡി.എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
അതുപോലെ പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ സി.പി.എം നേതൃത്വത്തിലുളള അസോസിയേഷന്‍ സമാഹരിച്ച് കൂട്ടത്തോടെ വോട്ടു ചെയ്ത സംഭവം ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. യു.ഡി.എഫ് അനുകൂലികളാണെന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊാലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നിഷേധിച്ചതും നീതീകരിക്കാനാവില്ല. നേരത്തെ തന്നെ ഈ പരാതി ഉയര്‍ന്നപ്പോള്‍ താന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോഴാണ് നടപടിയെടുക്കുന്നത്. അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. രണ്ടു പൊലീസുകാരെ മാത്രം സസ്‌പെന്റ് ചെയ്തത് കൊണ്ട് കാര്യംതീരില്ല. സി.പി.എമ്മുകാര്‍ ഉള്‍പ്പെട്ട അസോസിയേഷനിലെ ക്രൈം ബാഞ്ച് അല്ല ഇക്കാര്യം അന്വേഷിക്കേണ്ടത്. മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ചരിത്രത്തില്‍ ഇല്ലാത്ത കള്ളവോട്ടാണ് ഇക്കുറി സംസ്ഥാനത്ത് നടന്നത്. കേരളത്തെ അര്‍ബുദം പോലെ ബാധിക്കുന്ന അസുഖമായി കളളവോട്ട് മാറി. പോളിംഗ് ബൂത്തുകളിലെ ഏജന്റുമാരെ ഒഴിവാക്കിയും ഭീഷണിപ്പെടുത്തിയുമാണ് സി.പി.എമ്മുകാര്‍ കൂട്ടത്തോടെ കള്ളവോട്ട് ചെയ്തത്. എതിര്‍ത്തവരെ സി.പി.എം മര്‍ദിച്ചു. കള്ളവോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യു.ഡി.എഫ് പിന്തുണ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

chandrika: