തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ നിയമസഭയില്‍ യു.ഡി.എഫ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഔദ്യോഗിക പരിപാടികളും ബഹിഷ്‌ക്കരിക്കും.

അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞ മന്ത്രി ജലീല്‍ കുറ്റം സമ്മതിച്ച രീതിയിലാണ് സംസാരിച്ചത്.അഴിമതി വ്യക്തമാക്കുന്ന തെളിവുകള്‍ നിരത്തിയുള്ള ആരോപണങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി പറഞ്ഞില്ല. അഴിമതിക്ക് മറുപടി പറയാന്‍ കഴിയാത്തതിനാല്‍ ആദരണീയനായ പാണക്കാട് തങ്ങളെപ്പോലും അപമാനിക്കാനാണ് ജലീല്‍ ശ്രമിച്ചത്. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉന്നയിച്ച ആരോപണം അക്ഷരം പ്രതി ശരിയാണെന്ന് ജലീലിന്റെ നിയമസഭയിലെ മറുപടിയില്‍നിന്ന് വ്യക്തമാണ്. സഭാ നടപടികളോട് സഹകരിക്കാമെന്ന് അറിയിച്ചിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്.

ഇപ്പോഴത്തെ മന്ത്രിമാര്‍ക്ക് സ്വന്തം ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്നതിലാണ് താല്‍പര്യമെന്നും അതിന് വലിയവില നല്‍കേണ്ടവരുമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യ ധനകാര്യ സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുമായി ഇതിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല. യു.ഡി.എഫിന്റെ കാലത്ത് സഹകരണ ബാങ്കില്‍നിന്ന് ഡപ്യൂട്ടേഷന്‍ നിയമനം നടത്തിയത് ചൂണ്ടിക്കാട്ടി ജലീലിന്റെ ബന്ധുനിയമനത്തെ ന്യായീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.