X

സഊദി ക്ലബുകള്‍ ചാമ്പ്യന്‍സ് ലീഗിന് വേണ്ടെന്ന് യുവേഫ പ്രസിഡന്റ്

സഊദി ക്ലബുകള്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് നിര്‍ണയ വേദിയിലാണ് യുവേഫ പ്രസിഡന്റിന്റെ പ്രതികരണം. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, കോണ്‍ഫറന്‍സ് ലീഗ് എന്നിവയില്‍ യൂറോപ്പില്‍ നിന്നുള്ള ക്ലബുകള്‍ക്ക് മാത്രമാണ് കളിക്കാന്‍ കഴിയുക.

സഊദിക്ക് സമാന സാഹചര്യം നമ്മള്‍ ചൈനയിലും കണ്ടു. താരങ്ങള്‍ കരിയറിന്റെ അവസാനം എത്തുമ്പോള്‍ വലിയ തുകയ്ക്ക് അവരെ ചൈനയിലേക്ക് എത്തിച്ചു. പക്ഷേ ചൈനീസ് ഫുട്‌ബോളിന് ഉയര്‍ച്ച ഉണ്ടായില്ല. കിലിയന്‍ എംബാപ്പയും എര്‍ലിങ് ഹാളണ്ടും സഊദിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവേഫ പ്രസിഡന്റ് വ്യക്തമാക്കി.

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് സഊദി വേദിയാകുമെന്ന വാര്‍ത്തകളും സെഫറിന്‍ നിഷേധിച്ചു. ഫൈനല്‍ വേദി തീരുമാനിക്കുന്നത് യുവേഫയാണ്. ആരുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് വേദി മാറ്റാന്‍ കഴിയില്ല. സഊദി ലീഗിലേക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നത് യൂറോപ്പ്യന്‍ ഫുട്‌ബോളിന് ഭീഷണി അല്ലെന്നും അലക്‌സാണ്ടര്‍ സെഫറിന്‍ കൂട്ടിച്ചേര്‍ത്തു.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ വന്‍താര നിരയാണ് യൂറോപ്പ് വിട്ട് സഊദി ലീഗിലേക്ക് എത്തിയിരുന്നു. കരീം ബെന്‍സീമ, നെയ്മര്‍ ജൂനിയര്‍, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ തുടങ്ങിയ താരങ്ങള്‍ ഇപ്പോള്‍ സഊദി ലീഗിലെ ക്ലബുകളിലാണ്. തുടര്‍ന്നാണ് സഊദി ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്.

webdesk13: