ഹൈദരാബാദ്: കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പൂന്തോട്ടത്തില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലെ ഗുര്‍ലയിലാണ് സംഭവം. ബോധമില്ലാതെ കൈയും കാലും കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടി കിടക്കുന്നത് നാട്ടുകാരാണ് കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ കെട്ടി ഞായറാഴ്ച രാത്രി പൂന്തോട്ടത്തില്‍ ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് നിഗമനം. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള പൂന്തോട്ടത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടി തെര്‍ലാം സ്വദേശിയാണെന്നും വിജയനഗരം ജില്ലയിലെ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. അതേസമയം, ആരാണ് പെണ്‍കുട്ടിയെ ഇവിടെ ഉപേക്ഷിച്ചതെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇതുവരെ മൊഴിയെടുക്കാനായിട്ടില്ല. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴിയെടുക്കുമെന്നും അതോടെ സംഭവത്തില്‍ വ്യക്തത വരുമെന്നും പൊലീസ് വ്യക്തമാക്കി.