കോഴിക്കോട്: കേരളത്തിലെ എല്ലാ കായിക പദ്ധതികള്‍ക്കും കേന്ദ്രത്തിന്റെ സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര കായിക, യുവജനകാര്യവകുപ്പ് മന്ത്രി വിജയ് ഗോയല്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ പാലസില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ ഒളിമ്പിക്‌സ്, കായികക്ഷമതാ മിഷന്‍ പദ്ധതികള്‍ക്ക് സഹായം നല്‍കും. കേരളത്തില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിന് എല്ലാ പിന്തുണയും സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സര്‍വകലാശാലക്ക് വേണ്ടി തിരുവനന്തപുരത്ത് ഭൂമി കണ്ടെത്താന്‍ മന്ത്രി നിര്‍ദേശിച്ചു. സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി ഗോയല്‍ നിര്‍വഹിച്ചു.