ന്യൂഡല്‍ഹി: ഉന്നാവ് സംഭവങ്ങളിലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റി സുപ്രീംകോടതി. വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം, ദിവസവും വാദം കേള്‍ക്കണം. വിചാരണക്കായി പ്രത്യേക ജഡ്ജിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വാഹനാപകടക്കേസിന്റെ അന്വേഷണം 7 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവില്‍ ഉന്നാവോയിലേതില്‍ അഞ്ച് കേസുകളാണുള്ളത്.

പെണ്‍കുട്ടിക്ക് 20 ലക്ഷവും അമ്മക്ക് 5 ലക്ഷവും യുപി സര്‍ക്കാര്‍ നല്‍കണം. പെണ്‍കുട്ടിക്കും കുടുംബത്തിനും അഭിഭാഷകനും 24 മണിക്കൂര്‍ കേന്ദ്രസേനയുടെ സുരക്ഷയും നല്‍കണം.

ഉന്നാവ് കേസില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി സുപ്രീം കോടതി ചീഫ്ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് നേരത്തെ രംഗത്തെത്തി. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു.

ഒരു മാസം സമയം വേണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. ഉന്നാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന സിബിഐ ജോയിന്റ് ഡയറക്ടര്‍ സമ്പത്ത് മീണയെ സുപ്രീം കോടതി വിളിച്ചു വരുത്തിയിരുന്നു. സിബിഐ അന്വേഷിക്കുന്ന അഞ്ചു കേസുകളില്‍ നാലിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണ തുടങ്ങാത്തെതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.