കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരി കോടതിയില്‍. ഭീഷണി ഉള്ളതതിനാല്‍ തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

ഉണ്ണിമുകുന്ദന്‍ ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, തന്റെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഉണ്ണിമുകുന്ദന്റെ ഭാഗം. കള്ളക്കേസില്‍ കുടുക്കി തന്റെ കരിയര്‍ നശിപ്പിക്കാനും പണം തട്ടാനുമാണ് പരാതിക്കാരിയുടെ ശ്രമം. കേസ് നിയമപരമായി നേരിടും. അതുകൊണ്ടാണ് സിനിമാചിത്രീകരണം മാറ്റിവെച്ച് കോടതിയിലെത്തിയതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. പരാതിക്കാരി ഹാജരാകാത്തതിനാല്‍ കേസ് എറണാകുളം സി.ജെഎം. കോടതി ഈമാസം ഇരുപത്തിയേഴിലേക്കുമാറ്റി. അന്നേദിവസം പരാതിക്കാരിക്കാരി നേരിട്ടു ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി പ്രത്യേകം അപേക്ഷ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

ഉണ്ണിമുകുന്ദന്‍ പറഞ്ഞതനുസരിച്ച് ഇടപ്പള്ളിയിലെ വീട്ടിലെത്തിയപ്പോള്‍ തനിക്കുനേരെ ഉണ്ണിമുകുന്ദന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. ഒാഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15-നാണ് യുവതി പരാതി നല്‍കുന്നത്. കേസില്‍ ഉണ്ണിമുകുന്ദന്‍ ജാമ്യത്തിലാണ്.