ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കട അനുവദിക്കുന്നതുമായ ബന്ധപ്പെട്ട സംസാരത്തിനിടെ ബിജെപി നേതാവ് ധീരേന്ദ്ര സിങാണ് 46കാരനായ ജയപ്രകാശ് എന്നയാളെ വെടിവെച്ച് വീഴ്ത്തിയത്.

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്ത തുറന്ന സ്ഥലത്ത് നടന്ന യോഗത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പഞ്ചായത്ത് ഭവന് സമീപം നടന്ന യോഗത്തിനിടെ ധീരേന്ദ്ര സിങ് നിരവധി തവണ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

റേഷന്‍കടയെ ചൊല്ലി സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങിന്റെ അടുത്തയാളും പ്രദേശത്തെ ബിജെപി നേതാവുമാണ് ധീരേന്ദ്ര സിങെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ 20 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു.

ചിത്രത്തില്‍ നീണ്ട കാവി ജുബയിട്ട ആളാണ് ധീരേന്ദ്ര സിങ്, സമീപം എംഎല്‍എ സുരേന്ദ്ര സിങ്

വെടിവെപ്പിനെ തുടര്‍ന്ന് റേഷന്‍ കടകളുടെ വിതരണം താത്കാലികമായി നിര്‍ത്തിവച്ചതായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരെ ഉടന്‍ സസ്പെന്‍ഡു ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.