ലഖ്‌നൗ: കാണാതായ യുവാവ് തിരിച്ചെത്തിയെന്ന യു.പി. പൊലീസിന്റെ ട്വീറ്റ്  പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.ഉത്തര്‍പ്രദേശിലെ ചന്ദൗലി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്‍മോള്‍ യാദവിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റില്‍നിന്ന് കണ്ടെത്തിയത്. അന്വേഷണത്തില്‍ പൊലീസ് കാണിച്ച അലംഭാവമാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

വാരണാസിയില്‍ സിവില്‍ സര്‍വീസസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അന്‍മോള്‍ യാദവ്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഒരു ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് യുവാവ് വീട്ടില്‍നിന്നിറങ്ങിയത്. ഇപ്പോള്‍ തിരിച്ചുവരാമെന്ന് പറഞ്ഞ് പുറത്തുപോയ യുവാവ് രാത്രി ഏറെ വൈകിയിട്ടും വരാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണം തുടരുന്നതിനിടെയാണ് യുവാവ് വീട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ചന്ദൗലി പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. എന്നാല്‍ ഈ സമയത്തൊന്നും യുവാവ് വീട്ടില്‍ എത്തിയിരുന്നില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ ബന്ധുക്കളും ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍നിന്ന് കണ്ടെത്തിയത്. അതേസമയം, വിവാദമായ ട്വീറ്റ് പിന്നീട് നീക്കംചെയ്‌തെന്നും യുവാവ് തിരിച്ചെത്തിയെന്ന തെറ്റായ വിവരത്തെ തുടര്‍ന്നാണ് ട്വീറ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.